പെരിന്തൽമണ്ണ/തൂത:
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികളുടെ വിവാഹ സ്വപ്നങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന നാസർ തൂത ഡ്രസ്സ് ബാങ്ക് വിജയകരമായ ഏഴാം വർഷത്തിലേക്ക് കടന്നു.
ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡ്രസ്സ് ബാങ്ക്, ജാതി-മത ഭേദമന്യേ കേരളത്തിനകത്തും പുറത്തുമായി 1400-ലധികം നിർധന യുവതികൾക്ക് വിവാഹ വസ്ത്രങ്ങൾ സൗജന്യമായി നൽകി.
വിവാഹ വസ്ത്രങ്ങൾ നൽകുന്നതിന് പുറമെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാസർ തൂത സജീവമായി ഇടപെടുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലും റോഡരികുകളിലും അശരണരായി കഴിയുന്നവരെ കണ്ടെത്തി ശുചീകരണം ഉൾപ്പെടെയുള്ള ആവശ്യമായ പരിചരണങ്ങൾ നൽകുകയും ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുകയും, സാധ്യമാകുന്ന സാഹചര്യങ്ങളിൽ അവരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും നേതൃത്വം നൽകിവരുന്നു.
സമൂഹത്തിലെ അശരണർക്കും നിർധനർക്കും വർഷങ്ങളായി കൈത്താങ്ങായി തുടരുന്ന നാസർ തൂതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിരവധി പേരുടെ പിന്തുണയും സഹകരണവും ലഭിച്ചുവരുന്നു. അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങൾ നേരിൽ കാണാനും പിന്തുണ അറിയിക്കാനുമായി നിരവധി പ്രമുഖ വ്യക്തികളും സന്ദർശിച്ചുവരുന്നുണ്ട്.
സ്നേഹത്തിന്റെയും കരുതലിന്റെയും ഏഴാം വർഷത്തിലേക്ക് കടക്കുന്ന നാസർ തൂത ഡ്രസ്സ് ബാങ്കിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാവുകയാണ്.
ഷൗക്കത്ത് അലി.ഒ.കെ ചെര്‍പ്പുളശ്ശേരി`