കൊച്ചി, സെപ്റ്റംബർ 18, 2026*: കേരളത്തിൽ നിന്ന് ആരംഭിച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ മലയാളി സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പ് ഫാൽക്കൺഫീഡ്സ്, (‘ടെക്നിസാങ്ട് പ്രൈവറ്റ് ലിമിറ്റഡ് – ത്രെറ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം), യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, സൈബർ സുരക്ഷ, പ്രതിരോധശേഷി തുടങ്ങിയവ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പങ്കാളിത്തം.
ദുബായ് വേൾഡ് ട്രേഡ് സെന്റർ, എക്സ്പോ സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ എച്ച്.ഇ. ഡോ. മുഹമ്മദ് അൽ കുവൈത്തി, ടെക്നിസാങ്ട് ഫൗണ്ടറും സി.ഇ.ഒ-യുമായ നന്ദകിഷോർ ഹരികുമാർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഈ സഹകരണത്തിലൂടെ ഡിജിറ്റൽ സുരക്ഷാ രംഗത്ത് ആഗോളതലത്തിൽ തന്നെ വലിയ മുന്നേറ്റമാണ് മലയാളി സ്റ്റാർട്ടപ്പായ ടെക്നിസാങ്ട് കൈവരിച്ചിരിക്കുന്നത്. സൈബർമേഖല നേരിടുന്ന നിർണായക ഭീഷണി വിവരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിനും, സൈബർ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങളും അന്വേഷണ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിനും ഈ കരാറിലൂടെ സാധ്യമാകും. കൂടാതെ ഇരു വിഭാഗങ്ങളും ചേർന്ന് വിവിധ മേഖലകൾ ഉൾപ്പെടുത്തിയുള്ള സൈബർ പ്രവർത്തനങ്ങൾ, സാങ്കേതിക ശിൽപ്പശാലകൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കും. ബോധവൽക്കരണ സാമഗ്രികൾ പങ്കുവെക്കുന്നതിനൊപ്പം, അറിവുകൾ കൈമാറുന്നതിനായി സംയുക്ത വിദഗ്ദ്ധ വർക്കിംഗ് ഗ്രൂപ്പുകളെയും നിയോഗിക്കും.
“ആഗോളതലത്തിൽ ഏറ്റവും മികച്ച സൈബർ സുരക്ഷാ സംവിധാനങ്ങളുള്ള യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായി കൈകോർക്കാൻ സാധിച്ചത് ഞങ്ങൾക്ക് അഭിമാന നിമിഷമാണ്. സങ്കീർണ്ണമായ സൈബർ ഭീഷണികളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ആഗോളതലത്തിലുള്ള ഭീഷണി വിവരങ്ങളുടെ (Threat Intelligence) കൈമാറ്റം അത്യന്താപേക്ഷിതമാണ്. ഈ പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ മേഖലയ്ക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കും,” എന്ന് ടെക്നിസാങ്ട് കോ- ഫൗണ്ടറും സി.ഒ.ഒ.യുമായ രാകേഷ് ഐക്കര പറഞ്ഞു.
Photo caption: ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷം ടെക്നിസാങ്ട് കോ-ഫൗണ്ടറും സി.ഒ.ഒ-യുമായ രാകേഷ് ഐക്കര, യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ എച്ച്.ഇ. ഡോ. മുഹമ്മദ് അൽ കുവൈത്തി, ടെക്നിസാങ്ട് ഫൗണ്ടറും സി.ഇ.ഒ-യുമായ നന്ദകിഷോർ ഹരികുമാർ എന്നിവർ (ഇടത്തുനിന്ന് വലത്തോട്ട്).
***