കൊച്ചി, 18 സെപ്റ്റംബർ 2026: അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) സംഘടിപ്പിച്ച നാലാമത് ഹെൽത്ത് ആൻഡ് വെൽനസ് സമ്മിറ്റിൽ ‘എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം’ പുരസ്‌കാരം കരസ്ഥമാക്കി ആസ്റ്റർ മെഡ്‌സിറ്റി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നീതി ആയോഗ് അംഗം എം. ശ്രീനിവാസിൽ നിന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്റർനാഷണൽ ബിസിനസ് കേരള ഹെഡ് അമിത് സിംഗാൾ പുരസ്കാരം ഏറ്റുവാങ്ങി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ, വിദേശത്തുനിന്നെത്തുന്ന രോഗികൾക്കായി നൽകുന്ന മികച്ച പരിചരണവും സേവനങ്ങളും എന്നിവ മുൻനിർത്തിയാണ് ആസ്റ്റർ മെഡ്‌സിറ്റിയെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
“ലോകത്തെവിടെനിന്നും നിന്ന് കേരളത്തിലേക്ക് എത്തുന്ന രോഗികൾക്ക് അന്തരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കൽ പരിചരണം ഉറപ്പാക്കാൻ ആസ്റ്റർ മെഡ്‌സിറ്റി എന്നും മുൻപന്തിയിലുണ്ട്. അസോചം പോലൊരു ദേശീയ സംഘടന നൽകുന്ന ഈ അംഗീകാരം, മെഡിക്കൽ വാല്യൂ ട്രാവൽ രംഗത്ത് ഞങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണ്.” ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള റീജിയണൽ സിഇഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു.
പുറത്തുനിന്നുള്ള രോഗികൾക്കായി ടെലിമെഡിസിൻ അധിഷ്ഠിത പ്രീ-അറൈവൽ കൺസൾട്ടേഷനുകൾ, ഭാഷാ വിദഗ്ധരുടെ സേവനം, ഇൻഷുറൻസ്-ലോജിസ്റ്റിക് സഹായങ്ങൾ എന്നിവയുൾപ്പെടുന്ന വ്യക്തിഗത സേവനങ്ങളെല്ലാം ആസ്റ്റർ മെഡ്‌സിറ്റി ഉറപ്പാക്കുന്നു. കഴിഞ്ഞ വർഷത്തിൽ മാത്രം 58-ഓളം രാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് അത്യാധുനിക ചികിത്സ ആസ്റ്റർ നൽകിയട്ടുണ്ട്. സിഐഐ കേരള ഹെൽത്ത് & മെഡിക്കൽ ടൂറിസം അവാർഡ്, ഹോസ്പെക്സ് എക്സലൻസ് ഇൻ മെഡിക്കൽ ടൂറിസം പുരസ്കാരം എന്നിവയ്ക്ക് ശേഷമെത്തുന്ന അസോചം അംഗീകാരം, അന്താരാഷ്ട്ര തലത്തിൽ കൊച്ചിയെ മെഡിക്കൽ ടൂറിസം ഹബ്ബായി ഉയർത്തുന്നതിൽ ആസ്റ്റർ മെഡ്‌സിറ്റി വഹിക്കുന്ന പങ്കിനുള്ള തെളിവാണ്.