anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി. ഡി സതീശൻ അനുശോചിച്ചു

സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി. ഡി സതീശൻ അനുശോചിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂർത്തി. ‘സൂര്യ’ സാംസ്‌കാരിക കൂട്ടായ്മയുടെ അമരക്കാരൻ. ശാസ്ത്രത്തിന്റെയും കലയുടെയും അപൂർവ്വവും സുന്ദരവുമായ ഒരു സമന്വയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി രണ്ടു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ശേഷമാണ് സർഗ്ഗാത്മകതയുടെ വിശാലമായ ആകാശത്തേക്ക് അദ്ദേഹം ചിറകുവിരിച്ചത്. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനൊപ്പം ശാസ്ത്രലോകത്ത് കൈകോർത്ത അതേ കൃത്യതയും കാഴ്ചപ്പാടും തന്നെയത്രെ അദ്ദേഹം പിന്നീട് കേരളത്തിന്റെ കലാ-സാംസ്‌കാരിക മണ്ഡലത്തിലും പുലർത്തിയത്.

1977-ൽ അദ്ദേഹം തിരുവനന്തപുരത്ത് വിത്തുപാകിയ ‘സൂര്യ ഫെസ്റ്റിവൽ’ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളിലൊന്നായി മുപ്പതിലധികം രാജ്യങ്ങളിലേക്ക് പടർന്നുപന്തലിച്ച് ഭാരതീയ കലകളുടെ വസന്തമായി മാറി. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ സാംസ്‌കാരിക മേളയെന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ‘സൂര്യ’ കേരളത്തിന് ലോക സാംസ്‌കാരിക ഭൂപടത്തിൽ നൽകിയ ഇടം ചെറുതല്ല.

മലയാള നാടകവേദിയിൽ സാങ്കേതികതയുടെയും ഭാവുകത്വത്തിന്റെയും പുതിയ തരംഗങ്ങൾ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. ശബ്ദവും വെളിച്ചവും വരികളും മനോഹരമായി സമന്വയിപ്പിച്ച് അദ്ദേഹം ഒരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോകളും രംഗാവതരണങ്ങളും ഇന്ത്യൻ നാടകചരിത്രത്തിലെ തന്നെ പുതിയ അധ്യായങ്ങളായിരുന്നു.

കലയെ ജനകീയമാക്കുന്നതിലും പരമ്പരാഗത കലാകാരന്മാർക്ക് അന്താരാഷ്ട്ര വേദികൾ ഒരുക്കുന്നതിലും അദ്ദേഹം കാണിച്ച പ്രതിബദ്ധത വരുംതലമുറകൾക്ക് മാതൃകയാണ്. പകരക്കാരില്ലാത്ത ആ സാംസ്‌കാരിക ശില്പിയുടെ വേർപാട് കേരളത്തിന്റെ കലാ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051