anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

രണ്ടുവരിപ്പാതയിൽ ടോൾ പിരിക്കാൻ അനുവദിക്കില്ല; മൈലമ്പുള്ളിയിൽ എസ്.ഡി.പി.ഐയുടെ ശക്തമായ പ്രതിഷേധം

പാലക്കാട്: പതിറ്റാണ്ടുകളായി ജനങ്ങൾ ഉപയോഗിച്ചുവരുന്ന രണ്ടുവരിപ്പാതയിൽ ടോൾ പിരിവ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ മുണ്ടൂർ മൈലമ്പുള്ളിയിൽ എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സംഗമം നടത്തി. അപൂർണ്ണമായ റോഡിൽ ടോൾ പിരിവ് പൂർണമായും ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രതിഷേധ സംഗമത്തിൽ ഉയർന്നത്.

എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ശരീഫ് പട്ടാമ്പി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ കൊമ്പം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് പാലക്കാട് മുസ്തഫ കുന്നത്ത് ( മണ്ണാർക്കാട്) എന്നിവർ സംസാരിച്ചു.
രണ്ടുവരിപ്പാതയ്ക്ക് എന്തിനാണ് ടോൾ പിരിവെന്ന് അധികൃതർ ജനങ്ങളോട് മറുപടി പറയണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. റോഡ് നികുതിയും വാഹന നികുതിയും ഇന്ധന സെസും ഉൾപ്പെടെ വിവിധ ഇനങ്ങളിൽ ജനങ്ങളിൽ നിന്ന് പണം ഈടാക്കിയശേഷം വീണ്ടും ടോൾ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു.
“നാഷണൽ ഹൈവേ പേരിൽ മാത്രം, സൗകര്യങ്ങൾ പേരിന് മാത്രം; രണ്ടുവരിപ്പാതയ്ക്ക് ടോൾ എന്തിനിവിടെ?” എന്ന മുദ്രാവാക്യവുമായി പ്രവർത്തകർ പ്രതിഷേധിച്ചു. റോഡിന്റെ പണി പൂർത്തിയാക്കുകയും ആവശ്യമായ വീതിയും സുരക്ഷാ സംവിധാനങ്ങളും യാത്രാസൗകര്യങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നതിന് പകരം ടോൾ പിരിക്കാൻ നടത്തുന്ന നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
“ഇവിടെ വേണ്ടത് ടോൾ പ്ലാസയല്ല, റോഡ് പണി പൂർത്തിയാക്കുകയാണ്” എന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ജനങ്ങളിൽ നിന്ന് ഈടാക്കുന്ന റോഡ് നികുതി റോഡുകളുടെ വികസനത്തിനും സുരക്ഷയ്ക്കുമായി വിനിയോഗിക്കണമെന്നും ഖജനാവിലെ പണം ധൂർത്തടിച്ചശേഷം വീണ്ടും ജനങ്ങളുടെ മേൽ ടോൾ അടിച്ചേൽപ്പിക്കരുതെന്നും നേതാക്കൾ പറഞ്ഞു.
മൈലമ്പുള്ളിയിൽ ടോൾ പിരിവിനുള്ള നീക്കം പിൻവലിക്കാത്ത പക്ഷം പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. ജനജീവിതത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ടോൾ പിരിവ് പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സംഗമം സമാപിച്ചത്.

ബഷീർ കൊമ്പം
ജില്ലാ മീഡിയ കോർഡിനേറ്റർ
+91 81579 48123

Spread the News

Leave a Comment

IMG 20260806 WA0051