പാലക്കാട്. സര്‍ക്കാരിന്റെ വിവിധ വികസന-ക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് ഔദാര്യമല്ലെന്നും ഭരണഘടനാപരമായ അവകാശമാണെന്നും പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി. ഇവ സമയബന്ധിതമായും സുതാര്യമായും നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെയും അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വര്‍ഷങ്ങളായി കെട്ടികിടക്കുന്ന അപേക്ഷകളില്‍ ശാശ്വതപരിഹാരം കാണുന്നതിനായി ഉദ്യോഗസ്ഥരെ പൂര്‍ണമായി അണിനിരത്തി നടത്തിയ ആദ്യഘട്ട ഫയല്‍ അദാലത്തിലൂടെ 12,000-ത്തോളം അപേക്ഷകള്‍ക്ക് തീര്‍പ്പാക്കാനായി. രണ്ടാംഘട്ട ഫയല്‍ അദാലത്ത് ഉടന്‍ സംഘടിപ്പിക്കും. അപേക്ഷകള്‍ കൃത്യമായി പരിശോധിച്ച് അര്‍ഹമായ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ ഭവനനിര്‍മാണ പദ്ധതി പട്ടികവര്‍ഗ വികസന വകുപ്പ് നേരിട്ട് ഏറ്റെടുത്ത് നടപ്പിലാക്കും. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനൊപ്പം ഭൂമിയും വീടുമില്ലാത്ത ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമി നല്കി വീട് വെച്ചുനല്‍കാനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കും. അട്ടപ്പാടിയില്‍ ആദിവാസി ഗോത്ര കലാപഠന കേന്ദ്രം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഗോത്രവിഭാഗങ്ങളുടെ തനത് ഭാഷ, സംസ്കാരം, ചികിത്സാ രീതികള്‍, ഭക്ഷണരീതികള്‍ എന്നിവ സംരക്ഷിക്കുന്നതിന് വിപുലമായ കോഴ്സുകള്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ സ്ഥാപിക്കുന്ന ട്രൈബല്‍ യൂണിവേഴ്സിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി വകുപ്പ് മുന്നോട്ടുപോവുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പുതുതായി നിര്‍മിച്ച ഷോളയൂര്‍ പ്രി-മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനവും വനാവകാശ നിയമപ്രകാരം ഗോത്രവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള രേഖകള്‍ സുരക്ഷിതമാക്കുന്നതിനും വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനുമായി തയ്യാറാക്കിയ എഫ്.ആര്.എ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഗോത്രമേഖലയിലെ ജനങ്ങള്‍ക്ക് ഒത്തുചേരലുകള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കുമായി മുള്ളിയിലെ കുപ്പന്‍ കോളനി, ഷോളയൂരിലെ നഞ്ചന് കോളനി, പാടവയല്‍ മേലെ അബ്ബണ്ണൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കിയ മൂന്ന് കമ്മ്യൂണിറ്റി ഹാളുകളുടെ ഉദ്ഘാടനവും ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് സ്മാര്‍ട്ട് ഓഫീസാക്കി മാറ്റിയതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വഹിച്ചു. ഇടുക്കി ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ അഡീഷണല്‍ ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.
വട്ടലക്കി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. അട്ടപ്പാടിയില്‍ എല്ലാ മേഖലയിലും സമഗ്ര വികസനവും സൗകര്യങ്ങളും തുടര്‍ന്നും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്റ്റല്‍ സൗകര്യം വര്‍ദ്ധിപ്പിച്ചത് വഴി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനും പഠനാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഷോളയൂര്‍ സ്മാര്‍ട്ട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഷോളയൂര്‍ ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റല്‍, പുതൂര്‍ പഞ്ചായത്തിലെ മേലെ അബ്ബണ്ണൂര്‍ കമ്മ്യൂണിറ്റി ഹാള്‍, ഷോളയൂര്‍ നഞ്ചന് കോളനി കമ്മ്യൂണിറ്റി ഹാള്‍, പുതൂര്‍ മുള്ളി കുപ്പന്‍ കോളനി കമ്മ്യൂണിറ്റി ഹാള്‍, ഇടുക്കി ഇ.എം.ആര്.എസിന്റെ അഡീഷണല്‍ ബ്ലോക്ക്, എഫ്.ആര്.എ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനവും പാലക്കാട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന് പുതുതായി അനുവദിച്ച ഔദ്യോഗിക വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു.
കെല് പ്രോജക്ട് മാനേജര്‍ കെ.കെ. ഉണ്ണികൃഷ്ണന്, ജില്ലാ നിര്‍മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി പി.എസ് ബിന്ദു എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലന്, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ് ചിത്ര, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി രേശന്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (വിദ്യാഭ്യാസം) ആര് രാജേഷ് കുമാര്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.