anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സദ്യക്കൊപ്പം മെഡിക്കൽ ക്യാമ്പും; വേറിട്ട കാഴ്ചയായി കൊണ്ടോട്ടിയിലെ വിവാഹ വേദി*

അരീക്കോട്: സദ്യ ഗംഭീരമായോ… പെണ്ണിന് എത്ര പവനുണ്ട്, പയ്യനെന്താ ജോലി… സാധാരണ വിവാഹവേദികളിൽ ഉയർന്നു

കേൾക്കുന്ന ചോദ്യങ്ങൾ ഇതാണ്. എന്നാൽ അരീക്കോട് സ്വദേശികളായ അമൽദേവിന്റെയും അമൃതയുടെയും വിവാഹവേദിയിലെത്തിയവർ പരസ്പരം ചോദിച്ചത് ഇ.സി.ജി എടുത്തോ?, ബ്ലഡ് ടെസ്റ്റ് ചെയ്‌തോ?, ഷുഗർ കൂടുതലാണോ എന്നാണ്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും കാവനൂരിലെ കല്യാണ വേദിയിൽ ഇതൊക്കെയാണ് പലരും സംസാരിച്ചത്. കല്യാണപ്പന്തലിൽ നാട്ടുകാർക്കും ബന്ധുമിത്രാദികൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പൊരുക്കിയപ്പോൾ പങ്കെടുത്തവർക്കും അതൊരു നവ്യാനുഭവമായി.

സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വെറൈറ്റി തേടിപ്പോകുന്ന പുതിയ കാലത്താണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയും ഡിജിറ്റൽ മീഡിയ ഇൻഫ്‌ലുവൻസറുമായ വരൻ അമൽദേവും അരീക്കോട് സ്വദേശിയായ വധു അമൃത അരവിന്ദും ചേർന്ന് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനം അവിസ്മരണീയമാക്കിയത്. അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ വിദഗ്ധ ആറംഗ മെഡിക്കൽ സംഘവുമായി സഹകരിച്ചായിരുന്നു മെഡിക്കൽ ക്യാമ്പ് സജ്ജമാക്കിയത്. വിവാഹ സ്ഥലത്തേക്ക് കാലെടുത്ത് വെച്ച ബന്ധുക്കളും നാട്ടുകാരും ആദ്യം ശരിക്കും ഒന്നമ്പരന്നു. കാരണം അവിടെ അവരെ കാത്തിരുന്നത് കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങളും കല്യാണസദ്യയും മാത്രമായിരുന്നില്ല. എല്ലാവരുടെയും ആരോഗ്യത്തിന് കാവലൊരുക്കുന്ന ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് കൂടിയായിരുന്നു.

തങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാനെത്തിയ പ്രിയപ്പെട്ടവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ആരോഗ്യപരിരക്ഷയാണെന്ന തിരിച്ചറിവാണ് ഇരുവരെയും ഈ തീരുമാനത്തിൽ എത്തിച്ചത്. ക്യാമ്പിൽ പങ്കെടുത്ത 250-ലധികം പേർക്ക് സൗജന്യ പ്രേമഹം, കൊളസ്‌ട്രോൾ, പ്രഷർ പരിശോധനകൾക്കൊപ്പം ഇ.സി.ജിയും രക്തപരിശോധനാ സൗകര്യവും അരീക്കോട് ആസ്റ്റർ മിംസ് അധികൃതർ ലഭ്യമാക്കി.

“പഠന കാലം മുതൽക്കേ ആരോഗ്യ മേഖലയിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ആരോഗ്യ പരിശോധന പദ്ധതികളിലും എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലും വോളന്റിയറായി പ്രവർത്തിച്ചിട്ടുണ്ട്. സമൂഹത്തിൽ ആരോഗ്യ ബോധവൽക്കരണത്തിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയത് അക്കാലത്താണ്. അതുകൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിനത്തിൽ ആഘോഷങ്ങൾക്കൊപ്പം പ്രിയപ്പെട്ടവർക്കായി ഇങ്ങനെയൊരു ഹെൽത്ത് ക്യാമ്പ് കൂടി ഒരുക്കാൻ തീരുമാനിച്ചത്”- വരൻ അമൽദേവ് പറഞ്ഞു.

വിവാഹവേദിയിലെ ഈ വേറിട്ട ആശയത്തെ അരീക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ മാനേജ്മെന്റും അഭിനന്ദിച്ചു. വിവാഹ ആഘോഷങ്ങളിൽ വ്യത്യസ്തതകൾക്ക് പിന്നാലെ പോകുന്ന പുതുതലമുറയ്ക്ക് അമൽദേവിന്റെയും അമൃതയുടെയും ഈ സാമൂഹിക പ്രതിബദ്ധത വലിയൊരു പ്രചോദനമാകുമെന്നും ആരോഗ്യരംഗത്ത് അവബോധം വളർത്താൻ ഇത്തരം മാതൃകകൾക്ക് കഴിയുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആഡംബരങ്ങളല്ല, പരസ്പരമുള്ള കരുതലാണ് മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനമെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ മനോഹരമായ വിവാഹച്ചടങ്ങ്. ഒരുപക്ഷേ, ഈ വിവാഹത്തിൽ പങ്കെടുത്ത ആരും ആ ദിനം പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല.

Spread the News

Leave a Comment

IMG 20260806 WA0051