anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്, ഡി.പി.ആർ തയ്യാറാക്കാൻ ഇൻഷുറൻസ് രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഡി.പി.ആർ (വിശദമായ പദ്ധതി രേഖ) തയ്യാറാക്കുന്നതിനായി ഇൻഷുറൻസ് രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

 

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറും സംസ്ഥാന മുൻ ഇൻഷുറൻസ് ഓംബുഡസ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അംഗമായ

പി.ജെ.ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറും കെ.സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധർ. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ധനകാര്യ, ആസൂത്രണ സെക്രട്ടറിമാർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരും അംഗങ്ങളായിരിക്കും.

 പദ്ധതിയുടെ വിശദമായ റിപ്പോർട്ട് നാല് മാസത്തിനകം സമർപ്പിക്കാനാണ് സാങ്കേതിക സമിതിക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ പരമാവധി കുറച്ച് സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന രീതിയിൽ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.ച്ച്.എ) മുഖേന പദ്ധതി നടപ്പാക്കുന്നതും പരിഗണനയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റിയിൽ ഒന്നായിരുന്നു ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്.

 

2026–27ലെ സംസ്ഥാന ബഡ്ജറ്റിൽ സാർവത്രിക ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ്, പൊതുജനാരോഗ്യ ധനസഹായ പദ്ധതികളുമായി പുതിയ പദ്ധതിയെ എങ്ങനെ ഏകോപിപ്പിക്കാമെന്നും സമിതി പരിശോധിക്കും. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വിപുലമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ, പദ്ധതിയുടെ ധനകാര്യ മാതൃക, ആശുപത്രികളുടെ എംപാനൽമെന്റ്, ക്ലെയിം മാനേജ്മെന്റ്, ഗുണനിലവാര ഉറപ്പ്, പരാതിപരിഹാരം എന്നിവയും സമിതിയുടെ വിശദമായി പരിശോധിക്കും. ജനലക്ഷങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതി നടപ്പാക്കുന്നതിലൂടെ യു.ഡി.എഫ് സർക്കാർ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കുകയാണെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051