പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുരുങ്ങി നാല് വയസുകാരൻ മെറാജ് ഷെയ്ഖ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഫാക്ടറി താൽക്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ജി പ്രിയങ്ക ഉത്തരവിറക്കി. മാതാപിതാക്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ യന്ത്രത്തിൽ
കുട്ടിയുടെ വസ്ത്രം കുരുങ്ങിയാണ് അപകടം സംഭവിച്ചത്.
നവംബർ 24 ന് എം എൽ എയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ യോഗം ചേരുന്നത് വരെ ഫാക്ടറി പ്രവർത്തിക്കാനോ, തുറക്കാനോ പാടില്ലെന്ന് ജില്ലാകളക്ടർ കർശന നിർദേശം നൽകി. യോഗത്തിൽ പ്ലൈവുഡ് അസോസിയേഷൻ അംഗങ്ങൾ, തൊഴിലാളികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സംഭവത്തെത്തുടർന്ന് ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ, ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ, ഐസിഡിഎസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർ ആശുപത്രിയിലും ഫാക്ടറിയിലും പരിശോധന നടത്തി.തൊഴിലാളികളുടെ കൃത്യമായ രജിസ്റ്ററോ രേഖകളോ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ജോലിസ്ഥലത്ത് കുട്ടിയുണ്ടായിരുന്നിട്ടും സ്ഥാപനത്തിൽ ക്രഷ് സൗകര്യം ഉണ്ടായിരുന്നില്ല.
ഡിസിപിയു, ഐസിഡിഎസ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബത്തിന് കൗൺസലിംഗും അടിയന്തര സഹായവും ലഭ്യമാക്കണമെന്നും പ്രദേശത്തെ പ്ലൈവുഡ് യൂണിറ്റുകളിൽ ജോലിസ്ഥലങ്ങളിൽ കുട്ടികൾ ഉണ്ടോയെന്ന് പരിശോധിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
കുട്ടിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു.