കൊച്ചി, 29 സെപ്റ്റംബർ 2026: രാജ്യത്തുടനീളമുള്ള ക്യാൻസർ രോഗവിദഗ്ദ്ധർ പങ്കെടുക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് (എക്യൂസിസിഒഎൻ) 2026 ഒക്ടോബർ 2 മുതൽ 4 വരെ കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂറിലധികം പ്രമുഖ ദേശീയ ഫാക്കൽറ്റി അംഗങ്ങളും പ്രതിനിധികളും ഭാഗമാകും. ആസ്റ്റർ, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നിവ ഒറ്റ സംയുക്ത ആരോഗ്യ സംരക്ഷണ സ്ഥാപനമായി കൈകോർക്കുന്ന ഈ പതിപ്പ് ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രധാന മുന്നേറ്റമായിരിക്കും.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ക്യാൻസർ പ്രതിരോധം, പ്രിസിഷൻ ഓങ്കോളജി, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ്, സർജിക്കൽ, മെഡിക്കൽ, റേഡിയേഷൻ ഓങ്കോളജി, ഹെമറ്റോളജിക് മലിഗ്നൻസികൾ, ഇമ്യൂണോതെറാപ്പി, റിസർച്ച്, പാലിയേറ്റീവ് കെയർ, മൾട്ടിഡിസിപ്ലിനറി ക്യാൻസർ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂതന മുന്നേറ്റങ്ങൾ ഉൾക്കൊള്ളുന്ന അറുപതിലധികം അക്കാദമിക് സെഷനുകൾ ഉണ്ടായിരിക്കും. മുഖ്യ പ്രഭാഷണങ്ങൾ, മൾട്ടിഡിസിപ്ലിനറി ട്യൂമർ ബോർഡുകൾ, വിദഗ്ധ പാനൽ ചർച്ചകൾ, കേസ് അധിഷ്ഠിത സംവാദങ്ങൾ, ക്ലിനിക്കൽ ഗവേഷണ അവതരണങ്ങൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
“ക്യാൻസർ പരിചരണ രംഗത്ത് പുത്തൻ ആശയങ്ങൾ പങ്കുവെക്കാനും നവീകരണങ്ങൾ കൊണ്ടുവരാനും, അതിലൂടെ രോഗികളുടെ പരിചരണവും ചികിത്സാഫലവും മെച്ചപ്പെടുത്താനുമായി വിദഗ്ധരെ ഒന്നിപ്പിക്കുകയാണ് ഈ കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്.” എക്യൂസിസിഒഎൻ – 2026 ഓർഗനൈസിംഗ് സെക്രട്ടറിയും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ ഓങ്കോളജിയിൽ സീനിയർ കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാര്യർ പറഞ്ഞു.
“മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ, ഹെമറ്റോ ഓങ്കോളജിസ്റ്റുകൾ, പത്തോളജിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, ന്യൂക്ലിയർ മെഡിസിൻ-ജെനോമിക് മെഡിസിൻ വിദഗ്ധർ, ഗവേഷകർ, ഫെലോകൾ, റസിഡന്റുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, അനുബന്ധ ആരോഗ്യപ്രവർത്തകർ തുടങ്ങി ക്യാൻസർ പരിചരണ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഈ സമ്മേളനത്തിന്റെ ഭാഗമാകും.” ഓർഗനൈസിംഗ് ചെയർപേഴ്സണും ആസ്റ്റർ മെഡ്‌സിറ്റിയിലെ ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ലീഡും സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. ജെം കളത്തിൽ പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡോ. ജെം കളത്തിലിനെ കൂടാതെ കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി പാലിയേറ്റീവ് മെഡിസിൻ ആൻഡ് കമ്മ്യൂണിറ്റി ഓങ്കോളജി കൺസൾട്ടന്റ് ഡോ. വിനീത റിജ്ജു, ഓങ്കോളജി വിഭാഗം സീനിയർ കൗൺസിലർ സാജൻ ഫിലിപ്പ് എന്നിവരും പങ്കെടുത്തു.