പാലക്കാട്: ആങ്കൈലോസിംഗ് സ്പോണ്ടിലൈറ്റിസ് രോഗികൾക്ക് സർക്കാർ ആശുപത്രികൾ വഴി ലഭിച്ചുകൊണ്ടിരുന്ന ഇഞ്ചക്ഷൻ ചികിത്സ അഞ്ചുമാസത്തോളമായി മുടങ്ങിയ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ശരീഫ് പട്ടാമ്പി മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനും പരാതി നൽകി.
നട്ടെല്ലിനെയും ഇടുപ്പ് സന്ധികളെയും പ്രധാനമായും ബാധിക്കുന്ന ആങ്കൈലോസിംഗ് സ്പോണ്ടിലൈറ്റിസ് രോഗികൾക്ക് രോഗത്തിന്റെ പുരോഗതി നിയന്ത്രിക്കുന്നതിനും ആരോഗ്യനില നിലനിർത്തുന്നതിനും വിദഗ്ധ ചികിത്സയും കൃത്യമായ ഇടവേളകളിലുള്ള മരുന്നുകളും അനിവാര്യമാണ്. സർക്കാർ സംവിധാനത്തിലൂടെ ലഭിച്ചിരുന്ന ഇഞ്ചക്ഷൻ ചികിത്സ മാസങ്ങളോളം മുടങ്ങുന്നത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടാക്കുമെന്ന് ശരീഫ് പട്ടാമ്പി പരാതിയിൽ ചൂണ്ടിക്കാട്ടി.
പാലക്കാട് ജില്ലയിലുൾപ്പെടെ നിരവധി രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആവശ്യമായ റൂമറ്റോളജി ചികിത്സാ സംവിധാനവും ഇഞ്ചക്ഷൻ ലഭ്യതയും ഉറപ്പാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ റൂമറ്റോളജിസ്റ്റിനെ അടിയന്തരമായി നിയമിക്കണമെന്നും ആവശ്യമായ പരിശോധനകളും വിദഗ്ധ ചികിത്സയും മരുന്നുകളും ജില്ലാ ആശുപത്രിയിൽ തന്നെ ലഭ്യമാക്കണമെന്നും ശരീഫ് പട്ടാമ്പി ആവശ്യപ്പെട്ടു.
കൂടാതെ, അർഹരായ ആങ്കൈലോസിംഗ് സ്പോണ്ടിലൈറ്റിസ് രോഗികൾക്ക് ആവശ്യമായ ഇഞ്ചക്ഷനുകൾ പാലക്കാട് ജില്ലാ ആശുപത്രി വഴി സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിലകൂടിയ ഇഞ്ചക്ഷനുകൾ സ്വന്തം ചെലവിൽ വാങ്ങി ദീർഘകാലം ചികിത്സ തുടരാൻ സാധിക്കാത്ത രോഗികളുടെ ബുദ്ധിമുട്ട് സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചുമാസത്തോളമായി ചികിത്സ മുടങ്ങിയ സാഹചര്യം അടിയന്തരമായി പരിശോധിച്ച് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുകയും രോഗികൾക്ക് ചികിത്സ മുടക്കം കൂടാതെ തുടരുന്നതിനുള്ള സ്ഥിരമായ സംവിധാനം ഏർപ്പെടുത്തുകയും വേണം. രോഗികളുടെ ആരോഗ്യവും ചികിത്സാവകാശവും പരിഗണിച്ച് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശരീഫ് പട്ടാമ്പി ആവശ്യപ്പെട്ടു.
ബഷീർ കൊമ്പം
ജില്ലാ മീഡിയകോഡിനേറ്റർ
+91 81579 48123