anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

ഒമാൻ പര്യടനത്തിലെ അവസാന മത്സരത്തിലും കേരളത്തിന് വിജയം. ട്വന്റി-20 മത്സരത്തിൽ 25 റൺസിനാണ് കേരളം ഒമാനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 18.4 ഓവറിൽ 190 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ കൃഷ്ണപ്രസാദിന്റെയും രോഹൻ നായരുടെയും ഉജ്ജ്വല ബാറ്റിങ്ങും അഖിൽ സ്കറിയയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് കേരളത്തിന് വിജയമൊരുക്കിയത്.
കേരളം – 20 ഓവറിൽ 215/7, ഒമാൻ 18.4 ഓവറിൽ 190

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തിൽ തന്നെ ഒരു റൺസെടുത്ത ഗോവിന്ദ് ദേവ് പൈയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ കൃഷ്ണപ്രസാദും രോഹൻ നായരും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. തകർത്തടിച്ച ഇരുവരും ചേർന്ന് 48 പന്തുകളിൽ 95 റൺസ് കൂട്ടിച്ചേർത്തു. കൃഷ്ണപ്രസാദ് 37 പന്തുകളിൽ ആറ് ഫോറും നാല് സിക്സുമടക്കം 63 റൺസെടുത്തു. രോഹൻ നായർ 31 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 58 റൺസ് നേടി.

നിഖിൽ തോട്ടത്ത് 20 പന്തുകളിൽ നിന്ന് 36 റൺസും അബ്ദുൾ ബാസിദ് 12 പന്തുകളിൽ നിന്ന് 24 റൺസും നേടി. ഏഴ് പന്തുകളിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്ന നിഖിൽ മുരളീധരന്റെ ഇന്നിങ്സും ശ്രദ്ധേയമായി. ഒമാന് വേണ്ടി ജി.എൽ. യശസ് മൂന്നും ഫർമാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് 61 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മധ്യനിരയിൽ ക്യാപ്റ്റൻ സിക്രിയ ഇസ്ലാമും ഉസ്മാൻ അഫ്രീദിയും ചേർന്നുള്ള കൂട്ടുകെട്ട് ഒമാന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്തു. സിക്രിയ ഇസ്ലാം 27 പന്തുകളിൽ നിന്ന് 60-ഉം ഉസ്മാൻ അഫ്രീദി 19 പന്തുകളിൽ നിന്ന് 45-ഉം റൺസ് നേടി. എന്നാൽ ഇരുവരെയും പുറത്താക്കി നിഖിൽ കേരളത്തിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചപ്പോൾ, വാലറ്റത്തെ തകർത്തെറിഞ്ഞ് അഖിൽ സ്കറിയ ടീമിനെ വിജയത്തിലെത്തിച്ചു. അഖിൽ സ്കറിയ അഞ്ചും നിഖിൽ മുരളീധരനും കാർത്തിക്  ബാലചന്ദ്രനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

പര്യടനത്തിലുടനീളം ഒരേയൊരു മത്സരത്തിൽ മാത്രമാണ് കേരളം തോൽവി വഴങ്ങിയത്. കേരളവും ഒമാനും മുംബൈയും പങ്കെടുത്ത ഇൻവിറ്റേഷൻ ടൂർണമെന്റിലും കേരളം തന്നെയായിരുന്നു ജേതാക്കൾ.

Spread the News

Leave a Comment

IMG 20260806 WA0051