പാലക്കാട്: ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ വെള്ളപ്പനയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയം പത്തുവർഷത്തോളമായിട്ടും അർഹരായ കുടുംബങ്ങൾക്ക് കൈമാറാൻ കഴിയാത്തത് ഗുരുതരമായ അനാസ്ഥയും അഴിമതി ആരോപണങ്ങളും ഉയർത്തുന്ന സാഹചര്യമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം. ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് ഉയർന്നിട്ടുള്ള ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
42 കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണിത്. 2017ൽ തറക്കല്ലിടുമ്പോൾ ആറുമാസത്തിനകം പദ്ധതി പൂർത്തിയാക്കി കുടുംബങ്ങൾക്ക് കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഫ്ലാറ്റ് താമസയോഗ്യമാകാത്തതിനാൽ അർഹരായ കുടുംബങ്ങൾ ഇപ്പോഴും വാടകവീടുകളിലും താൽക്കാലിക താമസസ്ഥലങ്ങളിലുമാണ് കഴിയുന്നത്.
പദ്ധതിക്കായി കുടുംബങ്ങളെ അവരുടെ പഴയ താമസസ്ഥലങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടും വാഗ്ദാനം ചെയ്ത സുരക്ഷിതമായ താമസ സൗകര്യം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. വർഷങ്ങളായി വാടക നൽകിയും പരിമിതമായ സൗകര്യങ്ങളിൽ കഴിയേണ്ടിവരുന്നതും കുടുംബങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്.
നിർമാണത്തിന്റെ ഗുണനിലവാരം, ഉപയോഗിച്ച സാങ്കേതികവിദ്യ, ചെലവഴിച്ച തുക, നിർമാണം വൈകാനുള്ള കാരണങ്ങൾ, ഇതുവരെ നടത്തിയ പ്രവൃത്തികളുടെ നിലവാരം എന്നിവ സംബന്ധിച്ച് വിശദമായ പരിശോധന അനിവാര്യമാണ്. പദ്ധതി പൂർത്തിയാക്കാൻ അനുവദിച്ച തുകയും ഇതുവരെ ചെലവഴിച്ച തുകയും പ്രവൃത്തികളുടെ നിലവാരവും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും റഷീദ് പുതുനഗരം ആവശ്യപ്പെട്ടു.
ഫ്ലാറ്റ് സമുച്ചയം യഥാർഥത്തിൽ താമസയോഗ്യമാണോ എന്നത് പരിശോധിക്കാൻ യോഗ്യമായ ഏജൻസിയെ നിയോഗിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദേശിച്ചിട്ടുള്ളത് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.
പത്തുവർഷമായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ ദുരിതത്തിന് ഇനിയും സമയപരിധിയില്ലാത്ത കാത്തിരിപ്പ് അനുവദിക്കരുത്. സുരക്ഷാ പരിശോധനയും നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സമഗ്ര അന്വേഷണവും അടിയന്തരമായി പൂർത്തിയാക്കി, വീഴ്ച വരുത്താതെ ഫ്ലാറ്റുകൾ താമസയോഗ്യമാക്കി അർഹരായ കുടുംബങ്ങൾക്ക് എത്രയും പെട്ടെന്ന് കൈമാറണം. ജനങ്ങളുടെ ഭവനാവകാശവുമായി ബന്ധപ്പെട്ട പദ്ധതിയിൽ വീഴ്ച വരുത്തിയവർക്കെതിരെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും റഷീദ് പുതുനഗരം ആവശ്യപ്പെട്ടു.
ബഷീർ കൊമ്പം
ജില്ല മീഡിയ കോഡിനേറ്റർ
+91 81579 48123