anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരളത്തിലെ ആരോഗ്യമേഖല ലോകോത്തര നിലവാരത്തിൽ: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി >>> ലിസി ആശുപത്രി- ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയ സംഗമം സംഘടിപ്പിച്ചു

കൊച്ചി: കേരളത്തിലെ ആശുപത്രികൾ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന ലോകോത്തര നിലവാരമാണ് പുലർത്തുന്നതെന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷനും ലിസി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ഹൃദയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദഗ്ദ്ധരായ ഡോക്ടർമാരും സേവനസന്നദ്ധരായ നഴ്‌സുമാരും നമ്മുടെ ആരോഗ്യ രംഗത്തിൻ്റെ കരുത്താണ്.അവയവദാനവും ശസ്ത്രക്രിയകളും ആരും ഭയക്കേണ്ടതില്ല. പതിനഞ്ച് വർഷം മുമ്പ് വൃക്ക ദാനം ചെയ്തതും, അടുത്തിടെ ലിസി ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് വാൽവ് സർജറിക്ക് വിധേയനായപ്പോൾ ലഭിച്ച മികച്ച പരിചരണവും സ്വന്തം അനുഭവമായി അദ്ദേഹം സദസ്സിനോട് വിശദീകരിച്ചു. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളും മികച്ച പരിചരണവുമാണ് സംസ്ഥാനത്ത് മരണനിരക്ക് കുറയാനും പ്രായമായവരുടെ എണ്ണം വർധിക്കാനും കാരണം. ഇത്തരം മികച്ച സൗകര്യങ്ങൾ ലഭ്യമായതുകൊണ്ട് ആളുകൾക്ക് ദീർഘകാലം ജീവിക്കാൻ സാധിക്കുന്നു എന്നത് നമ്മുടെ ആരോഗ്യ മേഖലയുടെ നേട്ടത്തിന് ഉദാഹരണമാണെന്നും ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി.

സന്തോഷമാണ് ഹൃദയാരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ പത്മഭൂഷൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് പ്രതിസന്ധിയിലും പുഞ്ചിരിയോടെ ജീവിതത്തെ നേരിടാൻ നാം ശീലിക്കണം. സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയകളിലൂടെ കടന്നുപോകുന്നവർക്ക് ആത്മവിശ്വാസത്തോടെ ജീവിതത്തിന്റെ സ്വാഭാവിക താളത്തിലേക്ക് മടങ്ങിവരാൻ കുടുംബാംഗങ്ങൾ നൽകുന്ന സ്നേഹവും കരുത്തും വിലമതിക്കാനാവാത്തതാണ്. പതിമൂന്ന് വർഷം മുമ്പ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കളമശേരി സ്വദേശി ഡിനോയ് എന്ന യുവാവ് തളരാത്ത ഇച്ഛാശക്തിയോടെ അടുത്തിടെ ഓസ്‌‌ട്രേലിയയിൽ നടന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ പങ്കെടുത്ത് നാലാം സ്ഥാനം കരസ്ഥമാക്കിയത് ഏവർക്കും വലിയ അഭിമാനവും പ്രചോദനവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം കാർഡിയോതൊറാസിക് അനസ്തേഷ്യ വിദഗ്ദ്ധനും ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ സീനിയർ ഗ്രേഡ് പ്രൊഫസറുമായ ഡോ. തോമസ് കോശിക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സമ്മാനിച്ചു. എക്കോ കാർഡിയോഗ്രാഫി പരിശോധനകളിൽ രാജ്യത്തെ തന്നെ ഏറ്റവും പ്രഗത്ഭരായ അനസ്തേഷ്യ ഡോക്ടർമാരിൽ ഒരാളാണ് അദ്ദേഹം. അമ്പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ സംഗമത്തിൽ വിശിഷ്ടാതിഥിയായി. ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടൻ്റും ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ഡോ. ജോ ജോസഫ്,ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റീ ഡോ. ജേക്കബ് എബ്രഹാം, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജോൺ ടി ജോൺ, ഹാർട്ട് കെയർ ഫൗണ്ടേഷൻ സിഇഒ ലിമി റോസ് ടോം എന്നിവർ പങ്കെടുത്തു. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലിൻ്റെ ഭാഗമായി ബോധവത്കരണ ക്ലാസും വിദഗ്ദ്ധർ പങ്കെടുത്ത മെഡിക്കൽ പാനൽ ചർച്ചയും നടന്നു.

 

Spread the News

Leave a Comment

IMG 20260806 WA0051