പാലക്കാട്: ആധുനിക യുഗത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായി കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, യുവാക്കളെ ഈ രംഗത്തേക്ക് കൂടുതൽ ആകർഷിക്കാൻ സമൂഹം ഒന്നാകെ ഉണർന്നു പ്രവർത്തിക്കണമെന്നും പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി അഭിപ്രായപ്പെട്ടു. കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ റബ്ബർ പുനർ നടീലിനായുള്ള കർഷകർക്ക് സംഘടിപ്പിച്ച പരിശീലനവും രജിസ്ട്രേഷൻ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ ഊർജ്ജവും പുതിയ സാങ്കേതികവിദ്യകളിലെ അവരുടെ നൈപുണ്യവും കാർഷിക മേഖലയിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും
ജില്ലാ വ്യവസായ കേന്ദ്രം ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്ര ജനറൽ മാനേജർ ബെനഡിക്ട് വില്യം ജോൺസ് അധ്യക്ഷത വഹിച്ചു. കേര പദ്ധതിയിലെ റബ്ബർ പുനർ നടീൽ പരിപാലന സ്കീമിനെക്കുറിച്ച് റബ്ബർ ബോർഡ് പാലക്കാട് റീജിയണൽ ഓഫീസിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ വത്സല മതുക്കൽ വിശദീകരിച്ചു. റബ്ബർ ബോർഡ് ഡെവലപ്മെന്റ് ഓഫീസർ ഇ.എസ് .ജിഷ, ഭാരതപ്പുഴ റബ്ബേഴ്സ് മാനേജിങ് ഡയറക്ടർ പി.ജെ.ഷിബു എന്നിവർ സംസാരിച്ചു. കേര തൃശൂർ റീജ്യണൽ പി.എം.യു. ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ നവാസ് പി.എം. സ്വാഗതവും കേര ആർ.പി.എം.യു. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ഷിനോജ്.കെ.എ നന്ദിയും പറഞ്ഞു. കാലാവസ്ഥാനുസൃത റബ്ബർ തൈകൾ വെച്ച് പിടിപ്പിക്കുന്നതിനായാണ് കേര പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് എഴുപത്തയ്യായിരം രൂപ അനുവദിക്കുന്നത്. ഒരു കർഷകന് പരമാവധി രണ്ടു ഹെക്ടർ വരെ ധനസഹായം അനുവദിക്കും. നൂറ്റി എഴുപതോളം കർഷകർ പരിശീലനത്തിൽ പങ്കെടുക്കുകയും പുനർ നടീലിനായുള്ള രെജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തതായി കേര പദ്ധതി അധികൃതർ അറിയിച്ചു.