ബംഗളൂരു: ഹൊസ്കോട്ടെയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫര്‍ണിച്ചര്‍, ഇന്റീരിയര്‍ കമ്പനിയായ ‘കലത്മക് സ്പേഷ്യല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡില്‍’ നിന്ന് 44,21,382 രൂപ തട്ടിയെടുത്ത കേസില്‍ മലയാളി ദമ്പതികള്‍ക്കെതിരെ കേസ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കമ്പനിയിലെ മുന്‍ അക്കൗണ്ട്സ് മാനേജരായ രാമമൂര്‍ത്തി നഗറില്‍ താമസിക്കുന്ന ചേര്‍പ്പുളശ്ശേരി സ്വദേശിനി അജിത കെ. (43), ഭര്‍ത്താവ് പത്തനംതിട്ട സ്വദേശി ബിജി പി. നായര്‍ (47) എന്നിവര്‍ക്കെതിരെയാണ് ഹൊസ്കോട്ടെ പോലീസ് കേസെടുത്തത്. അജിതയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ബിജി പി നായര്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കമ്പനി ഡയറക്ടറായ രാജേഷ് ശര്‍മ്മയുടെ പരാതിയിലാണ് ഹൊസ്കോട്ടെ പോലീസ് കേസ് എടുത്തിരിക്കുന്നത്. 2025 മെയ് 2 മുതല്‍ 2026 ജൂലൈ 11 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്.
കമ്പനിയിലെ ദൈനംദിന അക്കൗണ്ടുകള്‍, സപ്ലയര്‍മാര്‍ക്കുള്ള പേയ്മെന്റുകള്‍, ജീവനക്കാരുടെ ശമ്പളം എന്നിവ കൈകാര്യം ചെയ്തിരുന്നത് അജിതയായിരുന്നു. കമ്പനിയുടെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ട് വഴി ബാങ്ക് പോര്‍ട്ടല്‍ വഴിയാണ് പണം കൈമാറിയിരുന്നത്. യഥാര്‍ത്ഥ സപ്ലയര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പണം കൈമാറുന്നതിന് പകരം, പെയ്മെന്റ് ലിസ്റ്റുകളില്‍ തിരിമറി കാട്ടി അജിത സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്കും ഭര്‍ത്താവ് ബിജി പി. നായര്‍, ബന്ധുക്കള്‍, പരിചയക്കാര് എന്നിവരുടെ അക്കൗണ്ടുകളിലേക്കും വ്യാജമായി തുക വകമാറ്റുകയായിരുന്നു. ബള്‍ക്ക് ട്രാന്‍സ്ഫര്‍ വഴിയായിതിനാല് ബാങ്കുകാര്‍ക്കും തട്ടിപ്പു കണ്ടെത്താനായില്ല.

അജിത മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മാനേജ്മെന്റ്, ഇവര്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് സിവില്‍, ക്രിമിനല്‍ കേസുകള്‍ ഫ.ല്‍ ചെയ്തിട്ടുണ്ട്. രണ്ടു കോടിയിലധികം രൂപയാണ് സമാനമായ രീതിയില്‍ ഇവര്‍ തട്ടിയെടുത്തത്. പോലീസ് കേസെടുത്തെങ്കിലും വിദേശത്തേക്ക് കടന്ന ഇവര്‍ കോടതിയില്‍ നിന്നും പിന്നീട് ജാമ്യം നേടിയെടുത്തു. അതിന് ശേഷമാണ് സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയത്. സ്വഭാവ ദൂഷ്യത്തിന് നിലവിലെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയതിന് ശേഷമാണ് ഓഡിറ്റിങ്ങില്‍ തട്ടിപ്പ് പുറത്ത് വരുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോട്ടക് മഹീന്ദ്ര ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയിലുള്ള അജിതയുടെയും ബിജിയുടെയും മറ്റ് എട്ടോളം അക്കൗണ്ടുകളിലേക്ക് 80 ലക്ഷത്തോളം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 44,21,382 രൂപ കമ്പനിക്ക് നേരിട്ട് നഷ്ടപ്പെട്ടിട്ടുണ്ട്. പണം മുഴുവന്‍ സ്വര്‍ണ്ണമാക്കി മാറ്റുകയും വിദേശത്തേക്ക് കടത്തിയതായുമാണ് വിവരം. ഇത് വീണ്ടെുക്കാനുളള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം അജിതയുടെ ചേര്‍പ്പുളശ്ശേരിയിലെ വീട്ടില്‍ കര്‍ണ്ണാടക പോലീസ് എത്തി. ഇവിടെ ഇവരുടെ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബിജിയുടെ പത്തനംതിട്ട വീട്ടിലും എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.