കൊച്ചി 09 ഒക്ടോബർ 2026: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മാനസികാരോഗ്യവും ബോധവൽക്കരണവും മുൻനിർത്തി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റും കൊച്ചി മുൻസിപ്പൽ കോർപ്പറേഷനും സംയുക്തമായി സുഭാഷ് പാർക്കിൽ വ്യത്യസ്തമായ ‘ഇമോഷൻസ് ഇന്ററാക്ടീവ് ഇൻസ്റ്റളേഷൻ’ ഒരുക്കി. ടി. ജെ. വിനോദ് എംഎൽഎ ഇൻസ്റ്റളേഷൻ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. മിനിമോൾ വി. കെ, കൗൺസിലർ കെ. വി. പി കൃഷ്ണകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മനുഷ്യന്റെ വിവിധ വൈകാരിക അവസ്ഥകളെ (സന്തോഷം, സങ്കടം, ഭയം, ആശങ്ക, വീർപ്പുമുട്ടൽ, ദേഷ്യം) പ്രതിനിധീകരിക്കുന്ന സിലിണ്ടറുകളായിരുന്നു ഇൻസ്റ്റളേഷന്റെ പ്രധാന ആകർഷണം. പാർക്കിലെത്തിയ പൊതുജനങ്ങൾക്ക് തങ്ങളുടെ ഇപ്പോഴത്തെ വൈകാരികാവസ്ഥ തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ സിലിണ്ടറുകളിൽ ടോക്കണുകൾ നിക്ഷേപിക്കാൻ അവസരം നൽകുന്നതായിരുന്നു ഇൻസ്റ്റളേഷൻ. ഓരോ സിലിണ്ടറിനും താഴെയായി നൽകുന്ന വികാരത്തിന് അനുയോജ്യമായ പ്രോത്സാഹന സന്ദേശങ്ങൾ അടങ്ങിയ ബാസ്‌ക്കറ്റും സജ്ജീകരിച്ചിരുന്നു. ടോക്കൺ നിക്ഷേപിച്ച ശേഷം തങ്ങളുടെ വികാരത്തിന് അനുയോജ്യമായ പ്രചോദന സന്ദേശങ്ങൾ കുറിച്ച കുറിപ്പുകൾ എടുക്കാനും വായിക്കാനും പറ്റുന്ന രീതിയിൽ ക്രമീകരിച്ചിരുന്നു.
“നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക എന്നതാണ് മാനസികാരോഗ്യത്തിലേക്കുള്ള ആദ്യപടി. കുട്ടികളടക്കം നിരവധി ആളുകൾ തങ്ങളുടെ ഉള്ളിലെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കാതെ പോകുന്നുണ്ട്. ഭയമോ മുൻവിധികളുടെ ആശങ്കയോ ഇല്ലാതെ സ്വന്തം വികാരങ്ങളെ പേരെടുത്തു പറയാൻ സഹായിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.” പ്രയത്ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു.
പൊതുജനങ്ങളിൽ നിന്നും വലിയ പങ്കാളിത്തവും പ്രതികരണവുമാണ് ഇൻസ്റ്റളേഷന് ലഭിച്ചത്. “ഞാൻ തിരഞ്ഞെടുത്തത് ‘ഓവർവെൽംഡ്’ (വീർപ്പുമുട്ടൽ) എന്ന സിലിണ്ടറായിരുന്നു. അതിൽ നിന്നും ലഭിച്ച സന്ദേശം ഞാൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകളായിരുന്നു.” പരിപാടിയിൽ പങ്കെടുത്ത മീനു പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്കും പരസ്പര സഹാനുഭൂതിയും പിന്തുണയും പങ്കുവെക്കാനും മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു ചിന്തിക്കാനുമുള്ള നല്ലൊരു വേദിയായി ഈ ദിനാചരണം മാറി.