മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സജ്ജീകരിച്ച പുതിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലാണ് പുതിയ ഡയാലിസിസ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. മണ്ണാർക്കാട് നഗരസഭ 15 ലക്ഷം ചെലവഴിച്ച് മെഷിനുകളും മറ്റു സജ്ജീകരണങ്ങളും ഒരുക്കി.
പുതിയ കെട്ടിടത്തിൽ 16 മെഷീനുകൾ വരെ സ്ഥാപിക്കാനുള്ള സൗകര്യമുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ മെഷീനുകൾ എത്തിച്ച് പ്രവർത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡയാലിസിസ് ആവശ്യമുള്ള നിർധനരായ രോഗികൾക്ക് ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ താലൂക്ക് ആശുപത്രിയിൽ തന്നെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. കിഫ്ബി വഴി അനുവദിച്ച 10 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ 80 ശതമാനത്തോളം പ്രവർത്തികൾ പൂർത്തിയായി. അവശേഷിക്കുന്ന അനുബന്ധ സൗകര്യങ്ങൾ കൂടി ഒരുക്കി കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ കിടക്കകളും ഡോക്ടർമാരും ജീവനക്കാരും അടക്കമുള്ള വിപുലമായ ആരോഗ്യ സംവിധാനങ്ങളിലേക്ക് മണ്ണാർക്കാട് താലൂക്ക് ആശുപത്രി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.
നഗരസഭാ ചെയർപേഴ്സൺ കെ. സജ്ന അധ്യക്ഷയായി. വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.ബാലകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ സി. മുഹമ്മദ് ബഷീർ, സീന ശശി, കെ.സി അബ്ദുറഹ്മാൻ, വി.സലീന, ജ്യോതി കൃഷ്ണൻകുട്ടി, കൗൺസിലർമാർ, ഹോസ്പ്പിറ്റൽ സൂപ്രണ്ട് ഡോ. മേരി ജ്യോതി വിൽസൺ, നഗരസഭ സെക്രട്ടറി സതീഷ്കുമാർ, ഡി എം ഒ ഡോ. ബിന്ദു തോമസ്,
ഡി പി എം ഡോ. റിയാസ്, എച്ച് എം സി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.