കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അത്താണി എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), കർണാടക സ്വദേശി ഇജാസ് എന്ന ഇയാസ് (21) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് മടങ്ങുകയായിരുന്ന മൂന്നുപേരും സഞ്ചരിച്ച സ്കൂട്ടറിലേക്ക് അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ആഡംബര കാർ പിന്നിൽനിന്ന് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു.
മരിച്ച മൂന്നുപേരും തൃക്കാക്കരയിലെ സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. ജോലി സംബന്ധമായി കൊച്ചിയിൽ താമസിച്ചുവരുന്നതിനിടെയാണ് അപകടം. അപകടത്തിന്റെ ആഘാതത്തിൽ സ്കൂട്ടർ നൂറുമീറ്ററോളം റോഡിലൂടെ നിരങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന തൃക്കാക്കര സ്വദേശി സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അപകടശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ നാട്ടുകാരുമായി വാക്കുതർക്കത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കാറിലുണ്ടായിരുന്ന മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാർ ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസ്
അപകടമുണ്ടാക്കിയ സുഹൈൽ സജീവിനെതിരെ നെടുമ്പാശ്ശേരി പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. ഇയാൾ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്നറിയാൻ രക്തസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ലഹരി ഉപയോഗം സംബന്ധിച്ച അന്തിമ സ്ഥിരീകരണം പരിശോധനാഫലം ലഭിച്ചശേഷമേ ഉണ്ടാകൂ.
അപകടമുണ്ടായ എയർപോർട്ട് റോഡിൽ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ അമിതവേഗവും മത്സരയോട്ടവും പതിവാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ രാത്രികാല പൊലീസ് പരിശോധനയും വേഗനിയന്ത്രണ നടപടികളും ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രികളിലേക്ക് മാറ്റി. ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും ദേവികയുടെയും ഇജാസിന്റെയും മൃതദേഹങ്ങൾ ആലുവയിലെ ആശുപത്രിയിലുമാണ് എത്തിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.