
ജംഷഡ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ആദ്യ ദിവസം കളി നിർത്തുമ്പോൾ ജാർഖണ്ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിൽ. ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ജാർഖണ്ഡിന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി അവസാന സെഷനിൽ ശക്തമായി തിരിച്ചുവരികയായിരുന്നു കേരളം. സെഞ്ച്വറി നേടിയ ശിഖർ മോഹനാണ് ജാർഖണ്ഡിൻ്റെ ഇന്നിങ്സിന് കരുത്ത് പകർന്നത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജാർഖണ്ഡിന് ഓപ്പണർമാരായ ശിഖർ മോഹനും ശരൺദീപ് സിങ്ങും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത ശരൺദീപിനെ ജലജ് സക്സേന ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ ഉത്കർഷ് സിങ്ങും ശിഖർ മോഹനും ചേർന്ന് രണ്ടാം വിക്കറ്റിൽ 163 റൺസാണ് കൂട്ടിച്ചേർത്തത്. ജലജ് സക്സേനയെ സിക്സർ പറത്തി ശിഖർ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ അർധസെഞ്ച്വറിയുമായി ഉത്കർഷ് സിങ്ങും ബാറ്റിങ് തുടർന്നു. ചായയ്ക്ക് പിരിയുമ്പോൾ ഒരു വിക്കറ്റിന് 228 റൺസെന്ന ശക്തമായ നിലയിലായിരുന്നു ജാർഖണ്ഡ്.
എന്നാൽ അവസാന സെഷന്റെ തുടക്കത്തിൽ തന്നെ ശിഖർ മോഹനെ പുറത്താക്കി വൈശാഖ് ചന്ദ്രൻ കേരളത്തിന് നിർണായക വഴിത്തിരിവ് സമ്മാനിച്ചു. 143 റൺസെടുത്ത ശിഖർ ക്ലീൻ ബൗൾഡാവുകയായിരുന്നു. സ്കോർ ബോർഡിൽ രണ്ട് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഉത്കർഷ് സിങ്ങിന്റെ വിക്കറ്റും ജാർഖണ്ഡിന് നഷ്ടമായി. 71 റൺസെടുത്ത ഉത്കർഷ്, ജലജ് സക്സേനയുടെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ റോബിൻ മിൻസ് (10) വൈശാഖ് ചന്ദ്രന്റെ പന്തിൽ ക്ലീൻ ബൗൾഡായി. പത്ത് റൺസെടുത്ത മുഹമ്മദ് കുനെയ്ൻ ഖുറേഷിയെയും വൈശാഖ് ചന്ദ്രൻ തന്നെ പുറത്താക്കി. കളി നിർത്തുമ്പോൾ 12 റൺസോടെ ക്യാപ്റ്റൻ വിരാട് സിങ്ങും അഞ്ച് റൺസോടെ ആദിത്യ ചന്ദ്രേഷ് സിങ്ങുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.