anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ജനങ്ങളുടെ സന്തോഷമായിരിക്കണം വികസനത്തിന്റെ അളവുകോൽ: ഹൈബി ഈഡൻ എം.പി*

കൊച്ചി: വൻകിട അടിസ്ഥാന സൗകര്യ വികസനത്തേക്കാൾ രാജ്യത്തിന്റെ യഥാർത്ഥ പുരോഗതി അളക്കേണ്ടത് ജനങ്ങളുടെ സന്തോഷ സൂചികയിലൂടെയാണെന്ന് ഹൈബി ഈഡൻ എം.പി. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്-കേരള റീജിയൻ സെൻട്രൽ സോണും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘ദി ഓപ്പൺ മൈൻഡ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ കേരളം മുൻപന്തിയിലാണെങ്കിലും മാനസികാരോഗ്യ ചികിത്സയോടുള്ള സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ട്. ക്യാൻസറിനേക്കാൾ ഭീകരമായ ചില മാനസികാവസ്ഥകൾ ഉണ്ടെന്നും അവ തുറന്ന് ചർച്ച ചെയ്യപ്പെടുകയും ചികിത്സിക്കപ്പെടുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്തുനിന്നുള്ള സാഹചര്യങ്ങൾക്ക് അടിപ്പെടാതെ സ്വന്തം മാനസിക നില സംരക്ഷിക്കാൻ കഴിയുന്നതാണ് യഥാർത്ഥ മാനസികാരോഗ്യമെന്ന് എം എൽ എയും നടനുമായ രമേശ് പിഷാരടി പറഞ്ഞു. കലാകാരനായിരുന്നപ്പോൾ സന്തോഷമുള്ളവരെ മാത്രം കണ്ടിരുന്ന താൻ, ഇന്ന് സമൂഹത്തിൽ നിരവധി പ്രശ്നങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്ന മനുഷ്യരുടെ ഇടയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ ബി ഹാപ്പി പ്രോജക്ട്’, ‘ദി ഹാപ്പിനെസ്സ് ക്ലിനിക് എന്നിവയുടെ ഉദ്ഘാടനവും നടന്നു.
വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ക്യാമ്പസുകളിൽ മികച്ച മാനുഷിക ബന്ധങ്ങളും ആരോഗ്യകരമായ ഒരു സമൂഹവും വാർത്തെടുക്കുക എന്നിവയാണ് ക്ലിനിക്കിൻ്റെ ലക്ഷ്യം. ഉൾക്കൊള്ളുക, സഹാനുഭൂതി പ്രകടിപ്പിക്കുക, ആരോഗ്യത്തോടെയിരിക്കുക എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മാനസികാരോഗ്യത്തിന് കൂടുതൽ പരിഗണനയും ശ്രദ്ധയും നൽകേണ്ടത് അനിവാര്യമാണെന്ന് ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. പല വിദേശ രാജ്യങ്ങളിലും മാനസികാരോഗ്യത്തിനായി പ്രത്യേക മന്ത്രാലയങ്ങൾ തന്നെ പ്രവർത്തിക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇത് ഇപ്പോഴും പൊതുജനാരോഗ്യത്തിന്റെ ഒരു ഭാഗം മാത്രമാണ്.സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ക്യാമ്പസുകളിൽ നിന്ന് തന്നെ രൂപപ്പെടുത്തുക എന്നതായിരിക്കണം ഏതൊരു സർവ്വകലാശാലയുടെയും പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പൺ മൈൻഡ് പ്രോഗ്രാമിൽ പീഡിയാട്രിക്സ് വിഭാഗം വിദഗ്ധനായ ഡോ. തോമസ് രഞ്ജിത്ത്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ കെ. വിശ്വനാഥ്, ഡോ. മിഥില ജോസ്, ഐ.എ.സി.പി-കെ.ആർ പ്രസിഡന്റ് ബാർസ്ലീബി അലക്സ്, ഓപ്പൺ മൈൻഡ് പ്രോഗ്രാം കൺവീനർ സൈലേഷ്യ ജി എന്നിവർ പങ്കെടുത്തു.

 

Spread the News

Leave a Comment

IMG 20260806 WA0051