*ചെർപ്പുളശ്ശേരി:** ആർദ്രം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ സമ്മേളനം വി. കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണത്തിനും സാന്ത്വനപരിചരണ രംഗത്ത് വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച സമ്മേളനം ശനിയാഴ്ച ചെർപ്പുളശ്ശേരി സ്നേഹനഗർ റോയൽ ഓഡിറ്റോറിയത്തിലാണ് നടന്നത്.
കഴിഞ്ഞ 21 വർഷമായി ചെർപ്പുളശ്ശേരി നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി ഡോ. ഹമീദിന്റെ നേതൃത്വത്തിൽ സൗജന്യ സാന്ത്വനപരിചരണ സേവനങ്ങൾ നടത്തിവരുന്ന ആർദ്രം പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വനിതാ സമ്മേളനം സംഘടിപ്പിച്ചത്.
ചെർപ്പുളശ്ശേരി എംഎൽഎ പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ. ടി. ജംസിയ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ആർദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹമീദ് ആമുഖപ്രഭാഷണം നടത്തി.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണം, സാന്ത്വനപരിചരണ രംഗത്തെ വനിതകളുടെ പങ്കാളിത്തം, സാമൂഹിക ഉത്തരവാദിത്വം, പരിചരണ പ്രവർത്തനങ്ങളുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
കോഴിക്കോട് പാലിയേറ്റീവ് കെയർ മെഡിക്കൽ ഡയറക്ടർ ഡോ. മുജീബ് റഹ്മാൻ ‘പരിചരണം ജീവിത നൈപുണ്യം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഡോ. അബ്ദുള്ള മണിമ ‘പാലിയേറ്റീവ് കെയറിൽ വനിതകളുടെ പങ്ക്’ എന്ന വിഷയത്തിലും പാലിയേറ്റീവ് കെയർ ഫാക്കൽറ്റിയും നഴ്സിങ് ഓഫീസറുമായ ബിനി എം. എൻ. ‘സ്ത്രീകളും ആരോഗ്യവും പാലിയേറ്റീവ് കെയറും’ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.
ഡോ. മുഹമ്മദ് അലി ‘ആർദ്രം അത് നമ്മുടേതാണ്’ എന്ന വിഷയത്തിലും ഡോ. രജില ‘ഒരുമിക്കാം ആരോഗ്യമുള്ള നാളേക്ക്’ എന്ന വിഷയത്തിലും സംസാരിച്ചു.
വാർഡ് കൗൺസിലർ സി. ഷിജ, സി. ടി. സെയ്തലവി, അനിത തുടങ്ങിയവർ ആശംസകൾ നേർന്നു.
സാന്ത്വനപരിചരണം രോഗികൾക്കുള്ള ചികിത്സാ സഹായത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രോഗികളുടെയും കുടുംബാംഗങ്ങളുടെയും മാനസികവും സാമൂഹികവുമായ ക്ഷേമത്തിനുകൂടി പ്രാധാന്യം നൽകേണ്ടതുണ്ടെന്നുമുള്ള സന്ദേശമാണ് സമ്മേളനം മുന്നോട്ടുവച്ചത്.
സ്ത്രീകളുടെ സജീവ പങ്കാളിത്തത്തിലൂടെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും ആരോഗ്യബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള കൂട്ടായ്മയായി ആർദ്രം വനിതാ സമ്മേളനം മാറി.
**അനുഗ്രഹ വിഷൻ ന്യൂസ് | ചെർപ്പുളശ്ശേരി**