anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ, ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബുകൾ ശക്തമായ നിലയിൽ

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള കെസിഎ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് ലീഡ്. ബികെ 55 കേരളയ്ക്കെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ലീഡിലേക്ക് നീങ്ങുമ്പോൾ എസ്.ജി. ക്രിക്കറ്റ് സ്കൂളും വിന്റേജ് ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരം ആവേശകരമായ നിലയിൽ പുരോഗമിക്കുകയാണ്.

തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 154 റൺസിനെതിരെ അഞ്ച് വിക്കറ്റിന് 63 റൺസെന്ന നിലയിൽ പതറിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെ നീരജ് ബിജുവിന്റെയും നിരഞ്ജൻ അരുൺകുമാറിന്റെയും ഇന്നിങ്സുകളാണ് ശക്തമായ നിലയിലെത്തിച്ചത്. നീരജിന്റെയും (101) നിരഞ്ജന്റെയും (66) മികവിൽ ആത്രേയ ഒൻപത് വിക്കറ്റിന് 269 റൺസെടുത്തു. തൃപ്പൂണിത്തുറയ്ക്ക് വേണ്ടി ആദിഷ് സതീഷ്, കെ.എസ്. കാർത്തിക്, കൃഷ്ണദർശൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ തൃപ്പൂണിത്തുറ രണ്ട് വിക്കറ്റിന് 48 റൺസെന്ന നിലയിലാണ്.

ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ബികെ 55 കേരളയുടെ ആദ്യ ഇന്നിങ്സ് 172 റൺസിന് അവസാനിച്ചു. 35 റൺസെടുത്ത ക്യാപ്റ്റൻ ഹൃതിക് ഹരിദാസാണ് ബികെ 55-ന്റെ ടോപ് സ്കോറർ. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ദേവനാരായൺ, മുഹമ്മദ് ഷാനിബ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 156 റൺസെന്ന നിലയിലാണ്. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി അഭിറാം ജി.ബി. 73-ഉം ക്യാപ്റ്റൻ ദേവർഷ് ബി. പുറത്താകാതെ 59 റൺസും നേടി.

മറ്റൊരു മത്സരത്തിൽ എസ്.ജി. ക്രിക്കറ്റ് സ്കൂളിനെതിരെ വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് ലീഡിനായി പൊരുതുകയാണ്. നിർമ്മൽ അജിത്തിന്റെയും (126), അർജുൻ വി. നായരുടെയും (47) മികവിൽ എസ്.ജി. ക്രിക്കറ്റ് സ്കൂൾ 316 റൺസെടുത്തു. വിന്റേജിന് വേണ്ടി അർമാൻ നിജി അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്റേജ് കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റിന് 309 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ജൂബിൻ തോമസാണ് (105) വിന്റേജിന്റെ ടോപ് സ്കോറർ. ധക്ഷ് ആർ. 47-ഉം അഭിനവ് വി.വി. 35-ഉം ശിവ്ഹരി ശർമ്മ പുറത്താകാതെ 37-ഉം റൺസെടുത്തു. എസ്.ജി. ക്രിക്കറ്റ് സ്കൂളിന് വേണ്ടി വൈഷ്ണവ് എസ്. മൂന്ന് വിക്കറ്റ് വീഴ്ത്തി.

Spread the News

Leave a Comment

IMG 20260806 WA0051