ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി സെയ്ൻ (Zain) കണ്ണാശുപത്രിയും കരുമാനാംകുറുശ്ശി ജി.എൽ.പി. സ്കൂളും സംയുക്തമായി കരുമാനാംകുറുശ്ശിയിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
നേത്രരോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പൊതുജനങ്ങളിൽ നേത്രാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പ് ചെർപ്പുളശ്ശേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് നിമിഷ അധ്യക്ഷത വഹിച്ചു. നേത്രസംരക്ഷണത്തിന്റെ പ്രാധാന്യം, കണ്ണുകളെ ബാധിക്കുന്ന വിവിധ രോഗങ്ങൾ, അവയുടെ പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഡോ. റിയ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ബ്രദേഴ്സ് ക്ലബ് സെക്രട്ടറി സുധീഷ് ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ രാധാകൃഷ്ണൻ സ്വാഗതവും മൈഥിലി നന്ദിയും പറഞ്ഞു.
രാവിലെ പത്തിന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ തുടരും. സൗജന്യ നേത്രപരിശോധനയും തിമിര നിർണയവും ഉൾപ്പെടെയുള്ള സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.