നിലമ്പൂർ: വയനാട്-മലപ്പുറം-തമിഴ്‌നാട് അതിർത്തി മേഖലകളിലെ മലയോര ജനതയുടെ യാത്രാദുരിതത്തിന് പരിഹാരമാകാൻ മുണ്ടേരി – അപ്പൻകാപ്പ് – മാംഗോ റേഞ്ച് – പന്തല്ലൂർ പാത വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ നാടികാണി ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കുകൾക്കും റോഡ് തകർച്ചകൾക്കും തികച്ചും അനുയോജ്യമായ ബദൽ പാതയായാണ് ഈ വഴി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പാതയുടെ പ്രസക്തിയും നിലവിലെ അവസ്ഥയും
പാലുണ്ടയിൽ നിന്ന് പന്തലൂരിലേക്ക് ആകെ 30 കിലോമീറ്ററാണ് ദൂരം. ഇതിൽ പാലുണ്ട മുതൽ അപ്പൻകാപ്പ് വരെയുള്ള 18 കിലോമീറ്റർ നിലവിൽ പി.ഡബ്ല്യു.ഡി ടാറിംഗ് റോഡാണ്. അപ്പൻകാപ്പ് മുതൽ പന്തലൂർ വരെയുള്ള ഭാഗത്ത് 1.25 കിലോമീറ്റർ മാത്രമാണ് കേരളത്തിന്റെ വനപാതയായി വരുന്നത്. തുടർന്ന് 3 കിലോമീറ്റർ സ്വകാര്യ പാതയും, 3 കിലോമീറ്റർ തമിഴ്‌നാടിന്റെ സ്വകാര്യ പാതയും, അവസാന 4 കിലോമീറ്റർ തമിഴ്‌നാടിന്റെ പഞ്ചായത്ത് റോഡുമാണ് ഉള്ളത്.
നിലവിൽ സഞ്ചാരയോഗ്യമായ മൺറോഡായി ഇത് കിടക്കുന്നുണ്ടെങ്കിലും, ഔദ്യോഗികമായി പൊതുജനങ്ങൾക്ക് യാത്രാനുമതിയില്ലാത്തത് മേഖലയിലെ വികസനത്തിന് വൻ തിരിച്ചടിയാകുന്നുണ്ട്.
വികസനം അടിയന്തരമായി നടപ്പിലാക്കണം
നാടികാണി ചുരം വഴി തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും പോകുന്ന വാഹനങ്ങൾക്ക് ഏറെ ദൂരം ലാഭിക്കാൻ ഈ വഴി തുറന്നു കൊടുത്താൽ സാധിക്കും. ചുരത്തിൽ മണ്ണിടിച്ചിലോ അപകടങ്ങളോ ഉണ്ടാകുമ്പോഴൊക്കെ വയനാട്, നിലമ്പൂർ മേഖലകൾ ഒറ്റപ്പെടുന്ന അവസ്ഥയ്ക്ക് ഈ പാത യാഥാർത്ഥ്യമാകുന്നതോടെ പരിഹാരമാകും.
കുറഞ്ഞ ദൂരത്തിൽ വനമേഖല മാത്രം കടന്നുപോകുന്നതിനാൽ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ കോൺക്രീറ്റ് അല്ലെങ്കിൽ അറ്റകുറ്റപ്പണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതിർത്തി ഗ്രാമങ്ങളുടെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും, വ്യാപാരാവശ്യങ്ങൾക്കും ഏറെ ഉപകരിക്കുന്ന ഈ പാത പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ അടിയന്തര വികസന നടപടികളും ഉന്നതതല ഇടപെടലുകളും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും ആക്ഷൻ കൗൺസിലിന്റെയും ആവശ്യം.
രഞ്ജിത്ത് നിലമ്പൂർ