anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കരിയര്‍ സെമിനാര്‍ ഒരുക്കിയത് തൊഴില്‍ സാധ്യതകളുടെ ലോകം

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവല്‍ കരിയര്‍ സെമിനാര്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയത് പുതിയ തൊഴില്‍ സാധ്യതകളുടെയും ഉന്നത വിദ്യാഭ്യാസ പാതകളുടെയും വിശാലമായ ലോകം. പ്ലസ് ടു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകളും ഉന്നതവിദ്യാഭ്യാസ അവസരങ്ങളും കൃത്യമായി കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. കെ. അഷറഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. ഡി.ഡി.ജി. കെ. വി. മനോജ് അധ്യക്ഷനായി. തുടര്‍ന്ന് ഫ്യൂച്ചറിസ്റ്റിക് കരിയര്‍ അനലിസ്റ്റും ഫാസ്ഫു കരിയര്‍ അല്‍ഗോരിതം സി.ഇ.ഒ.യും സഹസ്ഥാപകനുമായ ടി. പി. അജ്മല്‍ സെമിനാറില്‍ ക്ലാസ് നയിച്ചു.

‘ദ വൊക്കേഷണല്‍ എഡ്ജ്: ഫ്രം അണ്ടര്‍റേറ്റഡ് സ്‌കില്‍ ടു ഫ്യൂച്ചര്‍ ഓപ്പര്‍ച്യൂണിറ്റീസ്’ എന്ന വിഷയത്തിലായിരുന്നു ക്ലാസ് നടന്നത്. വിദ്യാര്‍ഥികളില്‍ ഒളിഞ്ഞിരിക്കുന്ന ക്രിയാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും ആധുനിക തൊഴില്‍ വിപണിക്ക് അനുയോജ്യമായ നൈപുണ്യ വികസനം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി വിഭാവനം ചെയ്തത്. പ്രായോഗിക പരിശീലനത്തിലൂടെയും തൊഴിലധിഷ്ഠിത പഠനത്തിലൂടെയും വിദ്യാര്‍ഥികളെ സ്വയംപര്യാപ്തരാക്കാന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നടപ്പാക്കുന്ന വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍, പുതിയ തൊഴില്‍ മേഖലകളിലെ സാധ്യതകള്‍ എന്നിവ ചര്‍ച്ചയായി. വിദ്യാര്‍ഥികളുടെ വ്യക്തിഗത അഭിരുചികള്‍ക്കും കഴിവുകള്‍ക്കും അനുസരിച്ച് കരിയര്‍ പ്ലാന്‍ തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യവും, വകുപ്പ് തലത്തില്‍ ലഭ്യമായ വിവിധ സഹായങ്ങളും പിന്തുണകളും സെമിനാറില്‍ പങ്കുവെച്ചു.

ഉദ്ഘാടന ചടങ്ങില്‍ സി.ജി.സി.സി. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി. മുഹമ്മദ് ഇഖ്ബാല്‍, വി.എച്ച്.എസ്.ഇ. കരിക്കുലം ഡെപ്യൂട്ടി ഡയറക്ടര്‍ എം. എ. അസ്ഫര്‍, എക്‌സാം സെക്രട്ടറി ലിസി മാത്യു ജോസഫ്, കുറ്റിപ്പുറം റീജിയണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍, പാലക്കാട് പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ സി. രാകേഷ് കുമാര്‍, പാലക്കാട് സി.ജി.സി.സി. ഡി.സി. സോണിയരത്‌നം, മലപ്പുറം സി.ജി.സി.സി. ഡി.സി. അബ്ദുള്‍ അനീസ്, കരിയര്‍ സെമിനാര്‍ കണ്‍വീനര്‍ എം. രാമന്‍ എന്നിവര്‍ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051