anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മനസും ശരീരവും ആരോഗ്യവും തമ്മിലെ ബന്ധം പഠിക്കാൻ ആഗോള വിദഗ്ധർ; അപ്പികോൺ (APPICON 2026) അമൃതയിൽ സമാപിച്ചു.

മനസും ശരീരവും ആരോഗ്യവും തമ്മിലെ ബന്ധം പഠിക്കാൻ ആഗോള വിദഗ്ധർ

കൊച്ചി : ഫിസിയോളജി, ഫാർമക്കോളജി മേഖലകളിലെ നൂതന ശാസ്ത്രീയ മുന്നേറ്റങ്ങളും മനസും ശരീരവും തമ്മിലുള്ള സങ്കീർണ ബന്ധങ്ങളും ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മെഡിക്കൽ വിദഗ്ധരും കൊച്ചി അമൃതയിൽ ഒത്തുചേർന്നു. ഫിസിയോളജിസ്റ്റുകളുടെയും ഫാർമക്കോളജിസ്റ്റുകളുടെയും ഇന്ത്യൻ അസോസിയേഷന്റെ (APPI) ദേശീയ സമ്മേളനമായ അപ്പികോൺ 2026 (APPICON 2026) അമൃത ആശുപത്രിയിൽ നടന്നു. “ശാന്തിയുടെ ഉച്ചകോടി: മനസ്സുകൾ തമ്മിലെ ആശയബന്ധം” ( ‘Serenity Summit: Where Minds Synapse’) എന്ന പ്രമേയത്തിൽ നവംബർ 18 മുതൽ 20 വരെ നടന്ന സമ്മേളനം മനസ്, ശരീരം, വൈദ്യശാസ്ത്രം എന്നിവയുടെ പരസ്പര ബന്ധവും ആരോഗ്യ-ശാസ്ത്ര രംഗത്തെ നൂതന മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്നതിനുള്ള വേദിയായി.

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വിശിഷ്ടാതിഥിയായും പങ്കെടുത്തു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി ഓൺലൈനിലൂടെ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമിനി ഗുരുപ്രിയാമൃതപ്രാണയുടെ അനുഗ്രഹ പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പി. പ്രതാപൻ നായർ, അഡ്മിനിസ്ട്രേറ്റർ ഡോ. രഹ്‌ന എന്നിവർ ചടങ്ങിൽ സന്നിഹിതരായി. സംഘാടക സമിതി അധ്യക്ഷ ഡോ. പ്രിൻസി ലൂയിസ് പാലാട്ടി സ്വാഗതം പറഞ്ഞു. ഡോ. സുജ ഗോപാലകൃഷ്ണൻ സമ്മേളന റിപ്പോർട്ട് അവതരിപ്പിച്ചു. അങ്കമാലി ചാപ്റ്റർ പ്രസിഡന്റ് ഡോ. മുക്കാടൻ, എമറിറ്റസ് പ്രൊഫസർ ഡോ. പി.ജി. നായർ എന്നിവരെ ആദരിച്ചു. സംഘാടക സെക്രട്ടറി ഡോ. വന്ദന ബാലകൃഷ്ണൻ നന്ദി പറഞ്ഞു. സുവനീർ പ്രകാശനത്തിന് ഡോ. മമത ജെ. നേതൃത്വം നൽകി.

ന്യൂറോഫിസിയോളജി, ന്യൂറോഫാർമക്കോളജി, മാനസികാരോഗ്യത്തിലെ നൂതന ചികിത്സാ സാധ്യതകൾ, മൈൻഡ്–ബോഡി ഇടപെടലുകൾ, ഇന്റഗ്രേറ്റീവ് മെഡിസിൻ, ബ്രെയിൻ–മെഷീൻ ഇന്റർഫേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ന്യൂറോപ്ലാസ്റ്റിസിറ്റി, മാനസിക സമ്മർദത്തെ അതിജീവിക്കാനുള്ള ബയോമാർക്കറുകൾ, ന്യൂറോ ഇൻഫ്ലമേഷൻ, ന്യൂറോഡിജനറേറ്റീവ് രോഗങ്ങളിലെ വൈകാരിക ഘടകങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ശാസ്ത്രീയ സെഷനുകൾ നടന്നത്. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഡോ. സജി ശ്രീധരൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദഗ്ധരും പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. ആനന്ദ് കുമാർ, മൈൻഡ് ബ്രെയിൻ സെന്റർ ഡയറക്ടർ ഡോ. ശ്യാം ദിവാകർ, എയിംസ് (AIIMS) ഡൽഹിയിലെ പ്രൊഫ. ഡോ. രാജീവ് കുമാർ യാദവ് തുടങ്ങിയവരും പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകി. 2026-ലെ ഫിസിയോളജി / മെഡിസിൻ നൊബേൽ സമ്മാനത്തിന് ആധാരമായ ചാനൽറോഡോപ്സിൻ ഗവേഷണവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ സഹരചയിതാവും ജവഹർ ലാൽ നെഹ്‌റു സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോടെക്നോളജി പ്രൊഫസറുമായ ഡോ. സുനീൽ കറ്റേരിയയുടെ പങ്കാളിത്തവും സമ്മേളനത്തിന് പ്രത്യേക ശ്രദ്ധ നൽകി.

പ്രീ കോൺഫറൻസ് ശില്പശാലകൾ, സിംപോസിയങ്ങൾ, പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ഗവേഷണ പ്രബന്ധ-പോസ്റ്റർ അവതരണങ്ങൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായിരുന്നു. ഫിസിയോളജിയും ഫാർമക്കോളജിയും സമകാലിക മെഡിക്കൽ വിദ്യാഭ്യാസത്തിലും ആരോഗ്യപരിചരണത്തിലും കൂടുതൽ പ്രസക്തമാക്കുന്നതിനൊപ്പം ഗവേഷണ സഹകരണവും യുവ ശാസ്ത്രജ്ഞരുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

Spread the News

Leave a Comment

IMG 20260806 WA0051