ഗ്വാളിയോർ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ ആന്ധ്രയ്ക്കെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 299 റൺസിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെന്ന നിലയിലാണ്.
അഞ്ച് വിക്കറ്റിന് 220 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. കാർത്തി 20-ഉം ശ്രീഹരി പ്രസാദ് ഏഴും റൺസ് നേടി മടങ്ങിയപ്പോൾ എസ് ആര്യൻ പൂജ്യത്തിന് പുറത്തായി. തുടർന്നെത്തിയ മുഹമ്മദ് റെഹാന്റെ ചെറുത്തുനിൽപ്പാണ് കേരളത്തിന്റെ സ്കോർ 299 വരെയെത്തിച്ചത്. റെഹാൻ 33 റൺസെടുത്തു. ആന്ധ്രയ്ക്ക് വേണ്ടി കെ വിജയ്കുമാർ മൂന്നും രക്ഷൻ സായ്, കെ എൻ വി കൗശിക്, സിമ്മ സാത്വിക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രയ്ക്ക് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകി. 76 റൺസെടുത്ത കെ എൻ വി കൗശിക്കിന്റെ ഇന്നിങ്സാണ് ആന്ധ്രയ്ക്ക് മികച്ച അടിത്തറ നൽകിയത്. കൗശിക്കിന്റെയും സായ് കൃഷ്ണയുടെയും വിക്കറ്റുകൾ വീഴ്ത്തി ശിവാങ്ക് കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും തുടർന്നെത്തിയ പ്രഥ്വീരാജും ഹേമന്ദ് റോയലും ചേർന്ന് ആന്ധ്രയുടെ ഇന്നിങ്സ് കരുതലോടെ മുന്നോട്ടു നീക്കി. കളി നിർത്തുമ്പോൾ പ്രഥ്വീരാജ് 40-ഉം ഹേമന്ദ് റോയൽ 37-ഉം റൺസ് നേടി ക്രീസിലുണ്ട്. ഇരുവരും ചേർന്ന് ഇതിനകം 62 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കേരളത്തിന് വേണ്ടി ശിവാങ്ക് രണ്ട് വിക്കറ്റും ശ്രീഹരി പ്രസാദ് ഒരു വിക്കറ്റും വീഴ്ത്തി.