മണ്ഡല-മകരവിളക്ക് സീസൺ ഒരാഴ്ച്ച പിന്നിട്ടപ്പോൾ തീർഥാടകർക്ക് സുഗമമായ ദർശനമാണ് സാധ്യമായതെന്ന് ശബരിമല എ.ഡി.എം ദിലീപ് കെ കൈനിക്കരയുടെ അധ്യക്ഷതയിൽ ദേവസ്വം കോംപ്ലക്സ് ഹാളിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. തീർഥാടകരുടെ എണ്ണം ക്രമനുഗതമായി കൂടി വരുന്നുണ്ട്. വിവിധ വകുപ്പുകളുടെ മികച്ച ഏകോപനം മൂലമാണ് സുഗമമായി ഒരാഴ്ച്ച പിന്നിട്ടത്. സ്തുത്യർഹ പ്രവർത്തനത്തിന് എ.ഡി.എം എല്ലാ വകുപ്പുകളെയും അഭിനന്ദിച്ചു. ഹൃദയാഘാതം ഉൾപ്പെടെയുള്ള കേസുകളിൽ തീർഥാടകർക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞു.
ആരോഗ്യ വകുപ്പിൻ്റെയും പൊലീസിൻ്റെയും കൺട്രോൾ റൂമു കളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഗുണകരമാണ്. വരും ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ മുന്നൊരുക്കം നടത്തും.
പോലീസ് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ
ശബരിമല സ്പെഷ്യൽ ഓഫീസർ (എസ്.ഒ) ജി. ജയദേവ് വിശദീകരിച്ചു.
ഹോട്ടലുകളിൽ ഈച്ച ശല്യം ഉണ്ടാകുന്നത് നിയന്ത്രിക്കാൻ ഫ്ലൈ ക്യാച്ചർ യന്ത്രം സ്ഥാപിക്കുന്ന സാധ്യത ആരായാൻ യോഗം നിർദേശിച്ചു.
മാലിന്യ ശേഖരണം മികച്ച രീതിയിൽ നടക്കുന്നുണ്ടെങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഭക്ഷ്യ, ഭക്ഷ്യേതര മാലിന്യം കൃത്യമായി വേർതിരിച്ചു സൂക്ഷിക്കണമെന്ന് കടകളിൽ പ്രത്യേക നിർദേശം നൽകും. ക്യൂ കോംപ്ലക്സിലെ ശുചിമുറിയിൽ എല്ലായ്പോഴും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കും.
അവശ നിലയിൽ റിപ്പോർട്ട് ചെയ്യുന്ന തീർഥാടകർക്ക് അധികം കാത്തിരിക്കാതെ തന്നെ സ്ട്രച്ചർ എത്തിക്കണമെന്ന് എ.ഡി.എം നിർദ്ദേശം നൽകി. കടകളിൽ നിന്ന് കാലിയായ ഗ്യാസ് സിലിണ്ടറുകൾ മാറ്റാത്ത ഗ്യാസ് ഏജൻസിയ്ക്ക് നോട്ടീസ് നൽകും. കഴിഞ്ഞ അവലോകന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയതും യോഗം പരിശോധിച്ചു.
കടകളിൽ സാധനങ്ങൾ നിർദ്ദേശിച്ച അളവിലും തൂക്കത്തിലും നൽകുന്നുവെന്ന് ഉറപ്പുവരുത്തും. അളവ് തൂക്ക നിയന്ത്രണ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന തുടരും. എക്സൈസ്, വനം-വന്യ ജീവി വകുപ്പുകൾ സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് ശാന്തകുമാർ, ഡ്യൂട്ടി മജിസ്ട്രേറ്റ് എ. ബിപിൻ കുമാർ, എ.എസ്.ഒ വി. എസ് ദിനരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.