anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലമ്പുഴ ഉദ്യാനം ക്രിസ്തുമസിന് മുമ്പ് തുറന്നു കൊടുക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപി

1795424306464

മലമ്പുഴ: കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മലമ്പുഴ ഡാമും ഉദ്യാനവും സന്ദർശിച്ച് നടന്നുവരുന്ന വികസന-നവീകരണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.

കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ സവിശേഷ സ്ഥാനമുള്ള മലമ്പുഴ ഉദ്യാനത്തിന് പുതിയ മുഖം നൽകുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 75.87 കോടി രൂപയുടെ വികസനപദ്ധതിക്കാണ് അനുമതി നൽകിയിട്ടുള്ളത്.

തീം അധിഷ്ഠിത വിനോദമേഖലകൾ, മനോഹരമായ ലാൻഡ്‌സ്‌കേപ്പിംഗ്, നടപ്പാതകൾ, ആധുനിക വിനോദസൗകര്യങ്ങൾ, സാംസ്കാരിക പ്രദർശന ഇടങ്ങൾ, ജലാധിഷ്ഠിത സൗന്ദര്യവൽക്കരണം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പദ്ധതി പ്രഖ്യാപിച്ചിട്ടും തുടക്കത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോകാത്തതിൽ മന്ത്രി നേരത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കരാറുകാരോടും അതൃപ്തി അറിയിച്ചിരുന്നു. പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പ്രതിദിന പുരോഗതി വിലയിരുത്താനും നിർദ്ദേശം നൽകിയിരുന്നു.

ഇന്നത്തെ സന്ദർശനത്തിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളും പൂർത്തിയായ പ്രവർത്തനങ്ങളും പരിശോധിച്ച മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിശദമായ വിവരങ്ങൾ തേടി.

ക്രിസ്മസിന് മുമ്പ് മലമ്പുഴ ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

മലമ്പുഴയുടെ വികസനം ഉദ്യാനത്തിന്റെ സൗന്ദര്യവൽക്കരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പ്രദേശത്തെ ചെറുകിട വ്യാപാരികൾക്കും തൊഴിലാളികൾക്കും പ്രാദേശിക ജനവിഭാഗങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് പൂർണമായും ഫലപ്രദമായി വിനിയോഗിച്ച് പദ്ധതി യാഥാർഥ്യമാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട നിർവഹണ ഏജൻസികളുടെയും ഉത്തരവാദിത്തമാണ്. ആവശ്യമായ തുടർനടപടികൾക്കായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇടപെടലും നിരീക്ഷണവും തുടരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മലമ്പുഴയെ കേരളത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഉയർത്തുന്നതിനും പാലക്കാടിന്റെ ടൂറിസം സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the News

Leave a Comment

IMG 20260806 WA0051