anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എഴുപത്തിയഞ്ചാം വയസ്സില്‍ അമ്മയുടെ സ്‌നേഹദാനം; ആര്‍. അജയഘോഷിന് പുതുജീവന്‍വ

തിരുവനന്തപുരം.  ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകര്‍ക്ക് സുപരിചിതനായ മാധ്യമപ്രവര്‍ത്തകന്റെ പോരാട്ടംവിവാദങ്ങളില്ലാത്ത മാന്യതയുടെ മുഖം; ‘ചെങ്കൊടിക്ക് തീ പിടിച്ച കാലം’ രചയിതാവിന്റെ ഹൃദയസ്പര്‍ശിയായ അനുഭവംഅവയവദാനത്തിന്റെയും ആധുനിക ചികിത്സയുടെയും പ്രാധാന്യം തുറന്നുപറഞ്ഞ് അതിജീവനത്തിന്റെ പാഠം

തിരുവനന്തപുരം: വാര്‍ത്തകളുടെ തിരക്കില്‍നിന്ന് ഡയാലിസിസ് മുറിയുടെ ഏകാന്തതയിലേക്ക് നീങ്ങിയ നാളുകള്‍; ഒടുവില്‍ എഴുപത്തിയഞ്ചാം വയസ്സില്‍ അമ്മ നല്‍കിയ വൃക്കയിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരവ്. അസാധാരണമായ ധീരതയിലും അമ്മയുടെ സ്‌നേഹതണലിലും ജീവിതം തിരിച്ചുപിടിച്ച കഥ പങ്കുവെക്കുകയാണ് മുതിര്‍ന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ആര്‍. അജയഘോഷ്. ഏഷ്യാനെറ്റ് ന്യൂസ് റീജനല്‍ ഹെഡായ അജയഘോഷിന്റെ ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായ നിര്‍ണായക ഘട്ടത്തിലാണ് പ്രായത്തിന്റെ അവശതകള്‍ വകവെക്കാതെ അമ്മ വൃക്ക നല്‍കി മകന് പുനര്‍ജന്മം നല്‍കിയത്.

ഇരുപത് മാസം മുന്‍പാണ് അജയഘോഷിന്റെ ജീവിതത്തില്‍ ഈ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായത്. എപ്പോഴും വാര്‍ത്തകളുടെ തിരക്കുകളില്‍ സജീവമായിരുന്ന അദ്ദേഹം പെട്ടെന്ന് ഡയാലിസിസിന്റെയും തുടര്‍ച്ചയായ ചികിത്സയുടെയും ലോകത്തേക്ക് മാറേണ്ടിവന്നു. ഒരു വൃക്കയെങ്കിലും മാറ്റിവെക്കാതെ ആരോഗ്യജീവിതത്തിലേക്ക് മുന്നോട്ടുപോകാനാകാത്ത അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ആ കടുത്ത ആശങ്കകള്‍ക്കിടയിലാണ് എഴുപത്തിയഞ്ച് വയസ്സുള്ള അമ്മ വൃക്ക ദാനം ചെയ്യാന്‍ മുന്നോട്ടുവന്നത്.

ഇരുപത്താറാം വയസ്സില്‍ തനിക്ക് ജന്മം നല്‍കിയ അമ്മ, എഴുപത്തിയഞ്ചാം വയസ്സില്‍ തനിക്കൊരു പുനര്‍ജന്മം കൂടി സമ്മാനിക്കുകയായിരുന്നുവെന്ന് അജയഘോഷ് ഓര്‍ക്കുന്നു. അമ്മയുടെ സ്‌നേഹത്തിന്റെയും മനക്കരുത്തിന്റെയും കരുതലിന്റെയും ത്യാഗത്തിന്റെയും കരുത്തിലാണ് താന്‍ ഇന്ന് ആരോഗ്യത്തോടെ മുന്നോട്ടുപോകുന്നത്. മരണത്തെ തോല്‍പ്പിച്ച് മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ആ ത്യാഗം ഏവര്‍ക്കും വലിയ പ്രചോദനമാണ്.

കൈരളി ടിവി, ഇന്ത്യാവിഷന്‍ എന്നീ ചാനലുകളിലൂടെയും പിന്നീട് ഏഷ്യാനെറ്റ് ന്യൂസിലൂടെയും ദീര്‍ഘകാലം ദൃശ്യമാധ്യമ രംഗത്ത് സജീവമായ അജയഘോഷ് കേരളത്തിലെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ്. വിവാദങ്ങള്‍ക്ക് ഇടനല്‍കാത്ത മാന്യതയുടെ മുഖമായി അറിയപ്പെടുന്ന അദ്ദേഹം സൗമ്യമായ വ്യക്തിത്വത്തിന് ഉടമയാണ്. വാര്‍ത്താവതരണത്തിലും റിപ്പോര്‍ട്ടിംഗിലും പുലര്‍ത്തിയ കൃത്യതയും സമചിത്തതയും മാധ്യമരംഗത്ത് അദ്ദേഹത്തിന് പ്രത്യേക ഇടം നല്‍കി.

മാധ്യമപ്രവര്‍ത്തനത്തിനൊപ്പം എഴുത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അജയഘോഷ്. കേരള രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ ആഴത്തില്‍ വിലയിരുത്തുന്ന ‘ചെങ്കൊടിക്ക് തീ പിടിച്ച കാലം’ എന്ന രാഷ്ട്രീയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് അദ്ദേഹം. ആ പുസ്തകത്തിലൂടെ രാഷ്ട്രീയ ചരിത്രത്തിലെ ഉള്‍പ്പോരുകളും വിഭാഗീയതകളും ചരിത്രപരമായി അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അവയവദാനത്തിന്റെ പ്രാധാന്യവും അദ്ദേഹം ശക്തമായി ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് അവയവദാനത്തെക്കുറിച്ച് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കാഴ്ചപ്പാടുകളിലും പ്രായോഗികതയിലും ഇനിയും മുന്നേറേണ്ടതുണ്ട്. ജീവിതത്തിലെ കഠിനമായ ഘട്ടം കടന്നുവന്ന അനുഭവം അവയവദാനത്തിന്റെ മഹത്വം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പോര്‍ട്ടലായ കെ-സോട്ടോയില്‍ (K-SOTTO) അവയവങ്ങള്‍ക്കായി കാത്തിരിക്കുന്ന രോഗികള്‍ ഏറെയാണ്. വൃക്കയ്ക്കും കരളിനും ഹൃദയത്തിനും വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. അവയവദാന രജിസ്‌ട്രേഷനുകളും അവബോധവും വര്‍ദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത്.

എന്നാല്‍ ആവശ്യത്തിന് അവയവങ്ങള്‍ ലഭിക്കാത്തതിനാല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പ്രതീക്ഷിച്ച അളവില്‍ നടക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് കൃത്രിമ അവയവ നിര്‍മാണവും ത്രീഡി ബയോ പ്രിന്റിംഗും പോലുള്ള ആധുനിക ചികിത്സാ രീതികള്‍ ശാസ്ത്രലോകത്തും പൊതുസമൂഹത്തിലും ചര്‍ച്ചയാകുന്നത്. ഭാവിയില്‍ അവയവക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷകള്‍ ഈ സാങ്കേതികവിദ്യകള്‍ നല്‍കുന്നുണ്ട്.

ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും ഇത്തരം പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് എത്രത്തോളം പ്രാപ്യമാകുമെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. ചെലവ് കുറഞ്ഞതും എല്ലാവര്‍ക്കും ലഭ്യമാകുന്നതുമായ രീതിയില്‍ ഇവ വികസിക്കേണ്ടതുണ്ട്. ശാസ്ത്രീയ മുന്നേറ്റങ്ങളോടൊപ്പം പുതിയ ചര്‍ച്ചകളും ആശയങ്ങളും സമൂഹത്തില്‍ സജീവമാകേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ‘അഗോറ’ വേദിയില്‍ ഇത്തരം സമകാലിക വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കനകക്കുന്നില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. അമ്മയുടെ സ്‌നേഹക്കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ച അജയഘോഷിന്റെ ഈ ജീവിതകഥ കേരളത്തിന് മുന്നില്‍ ഒരു അതിജീവന പാഠമായി മാറുകയാണ്.

Spread the News

Leave a Comment

IMG 20260806 WA0051