പാലക്കാട്: വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് സ്വദേശിനി സുലൈഖ റഷീദിന് വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന സ്വീകരണത്തിൽ ജില്ലാ, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
സ്ത്രീകളുടെ അവകാശങ്ങൾക്കും തുല്യനീതിക്കും സാമൂഹിക മുന്നേറ്റത്തിനും സ്ത്രീശാക്തീകരണത്തിനുമായി നിരന്തരം പ്രവർത്തിക്കുന്ന വിമൻ ഇന്ത്യ മൂവ്മെന്റിന് ദേശീയതലത്തിൽ ലഭിച്ച ഈ നേട്ടം പാലക്കാട് ജില്ലയ്ക്ക് അഭിമാനകരമാണ്.
സ്ത്രീകൾ ഇന്നും സമൂഹത്തിൽ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. സ്ത്രീധനം, ഗാർഹിക പീഡനം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, തൊഴിലിടങ്ങളിലെ വിവേചനം, വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ അസമത്വം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യമില്ലായ്മ, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ മതിയായ പ്രാതിനിധ്യമില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ അനിവാര്യമാണ്. സ്ത്രീകൾക്ക് സുരക്ഷിതത്വവും തുല്യനീതിയും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നേതൃത്വപരമായ കഴിവുകൾ വളർത്തിയെടുക്കാനും കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ഇത്തരം മുന്നേറ്റങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ കൂടുതൽ കരുത്തുപകരുമെന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു.
പാലക്കാട് ജില്ലയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന പ്രവർത്തകസമിതി അംഗം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിച്ച് പ്രവർത്തിച്ച സുലൈഖ റഷീദിന്റെ ദേശീയ സെക്രട്ടറിയായുള്ള തിരഞ്ഞെടുപ്പ് ജില്ലയിലെ വനിതാ പ്രവർത്തകർക്ക് വലിയ ആവേശവും അഭിമാനവുമാണ് നൽകുന്നത്. പ്രാദേശിക തലത്തിൽനിന്ന് ദേശീയ നേതൃത്വത്തിലേക്കുള്ള അവരുടെ വളർച്ച വനിതാ പ്രവർത്തകർക്ക് പ്രചോദനമാകുന്നതാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ ദേശീയതലത്തിലുള്ള പുതിയ ഉത്തരവാദിത്തം കൂടുതൽ സജീവമായ ഇടപെടലുകൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
ജില്ലാ ജനറൽ സെക്രട്ടറി സൈനബ, ട്രഷറർ ഷമീന, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജസീന മജീദ്, ഫരീദ കോങ്ങാട്, നിലാവർ നിസ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് സഫ്രീന അഹമ്മദ്, സെക്രട്ടറി റഹ്മത്ത് മുജീബ്, ട്രഷറർ ഷെറീന, വൈസ് പ്രസിഡന്റ് റാഫിയ, ഷൊർണൂർ മണ്ഡലം പ്രസിഡന്റ് ഷാക്കിറ സത്താർ , ജോയിൻ സെക്രട്ടറി നസീമ ഉസ്മാൻ ട്രഷറർ സൽമ ജലീൽ എന്നിവരും മറ്റ് പ്രവർത്തകരായ സൗബത്ത്, ഷാജിറ ഉസ്മാൻ (ഒറ്റപ്പാലം) എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സൂലൈഖ റഷീദിന് പ്രവർത്തകർ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ നേർന്നു. പാലക്കാടിന്റെ അഭിമാനമായി ദേശീയ നേതൃത്വത്തിലെത്തിയ നേതാവിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ടാണ് സ്വീകരണ പരിപാടി സമാപിച്ചു.