anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

72ാമത് നെഹ്റുട്രോഫി വള്ളംകളി ആഗസ്റ്റ് 22 ന് തന്നെ* *ഇക്കുറി ആറ് കോടി രൂപയുടെ ബജറ്റ്* *എൻടിബിആർ സൊസൈറ്റിയുടെ ഈ വർഷത്തെ ആദ്യ ജനറൽ ബോഡി യോഗം ചേർന്നു*

  ആലപ്പുഴ.  ഈ വർഷത്തെ എഴുപത്തിരണ്ടാമത് നെഹ്റുട്രോഫി ജലമേള മുൻനിശ്ചയിച്ചത് പ്രകാരം ആഗസ്റ്റ് 22 ന് നടത്താൻ തീരുമാനം. എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ എൻടിബിആർ സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി നായർ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ എൻടിബിആർ സെസൈറ്റിയുടെ യോഗം ഈ വർഷത്തെ ജലമേള ആഗസ്റ്റ് 22 ന് നടത്താൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും നെഹ്റുട്രോഫി വള്ളംകളി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവുമായി വൈകാരിക ബന്ധമുള്ളതാണെന്നും അത് ആഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച്ച തന്നെ നടത്തുന്നതാണ് ഉചിതമെന്നും കെ.സി.വേണുഗോപാൽ എം.പി.യോഗത്തിൽ പറഞ്ഞു.
തീയതി നേരത്തെ പ്രഖ്യാപിച്ചത് മൂലം തയ്യാറെടുപ്പ് തുടങ്ങിയ വള്ളസമിതികൾക്കും ക്ലബുകൾക്കും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനാണ് 22 ന് തന്നെ ഇക്കുറി വള്ളംകളി നടത്താൻ തീരുമാാനമെടുക്കുന്നതെന്നും കെ സി വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടി.
എൻടിബിആർ സൈസൈറ്റിയും സർക്കാർ ഉദ്യോഗസ്ഥരും ഒരു മനസ്സോടെ പ്രവർത്തിച്ച് ആലപ്പുഴയുടെ പൈതൃകമായ ജലോത്സവം ഇക്കുറിയും വൻ വിജയമാക്കി മാറ്റണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ജലമേള വലിയ വിജയമാക്കി മാറ്റിയതിൽ കെ സി വേണുഗോപാൽ എംപിയുടെ പങ്ക് നിർണായകമായിരുന്നുവെന്ന് ജില്ലാ കളക്ടർ ആമുഖ ഭാഷണത്തിൽ പറഞ്ഞു. യോഗത്തിൽ 2026 ജലമേളയുടെ ബജറ്റ് അവതരിപ്പിച്ച് പാസാക്കി. 6,04, 70000 രൂപയുടെ ബജറ്റിൽ 3.5 കോടി രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. ഒരു കോടി രൂപ സംസ്ഥാന ടൂറിസം ഗ്രാന്റും 50 ലക്ഷം രൂപ കേന്ദ്ര ടൂറിസം ഗ്രാന്റും പ്രതീക്ഷിക്കുന്നുണ്ട്. ടിക്കറ്റ് വിൽപനയിലൂടെ 90 ലക്ഷം രൂപയും ആങ്കറിങ് ചാർജായി 10 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നുണ്ട്. 1.65 കോടി രൂപയാണ് ബോണസിനായി മാറ്റിവെച്ചിട്ടുള്ളത്. ഇൻഫ്രാസ്ട്രക്ച്ചർ കമ്മറ്റിക്ക് 60 ലക്ഷവും 2024,2025 മെയിന്റനനസ് ഗ്രാന്റിനത്തിൽ 36 ലക്ഷവും കൾച്ചറൽ കമ്മറ്റിക്ക് 15 ലക്ഷവും പബ്ലിസിറ്റിക്ക് 9 ലക്ഷവും പ്രൈസ് മണിക്ക് 8.25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
വള്ളംകളി ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യാതിഥികളെ കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പ്രവേശന ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരാനും സ്പോൺസർഷിപ്പിന് ടെൻഡർ ക്ഷണിക്കാനും യോഗം തീരുമാനിച്ചു. സബ് കമ്മിറ്റികളുടെ രൂപീകരണത്തിന് അതത് കമ്മിറ്റികളുടെ കൺവീനർമാരെയും ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി രൂപീകരണത്തിന് ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി കൺവീനറെയും ചുമതലപ്പെടുത്തി. ആലപ്പുഴ ആർഡിഒ(ഫിനാൻസ്, സ്പോൺസർഷിപ്പ് കമ്മറ്റികൾ), ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ((ഇൻഫ്രാസ്ട്രക്ച്ചർ കമ്മറ്റി), എഡിഎം(സുവനീർ), ജില്ലാ ഇൻഫർമേഷൻ ഓഫീസർ(പബ്ലിസിറ്റി), അമ്പലപ്പുഴ തഹസിൽദാർ(ഫുഡ്), ആലപ്പുഴ നഗരസഭ ചെയർമാൻ(കൾച്ചറൽ), ബോട്ട് ഇൻസ്പെക്ടർ (ട്രാൻസ്പോർട്ട്) ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ(ഐടി) എന്നിവരാണ് വിവിധ സബ് കമ്മറ്റികളുടെ കൺവീനർമാർ.
യോഗത്തിൽ മുൻ എം എൽ എമാരായ അഡ്വ. എ എ ഷുക്കൂർ, സി കെ സദാശിവൻ, കെ കെ ഷാജു, എഡിഎം സി പ്രേംജി, ഡെപ്യൂട്ടി കളക്ടറും ആർ ഡി ഒ ഇൻചാർജുമായ കല ഭാസ്കർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി എസ്. വിനോദ്, ഡെ. പൊലീസ് സൂപ്രണ്ട് ഗിൽസൺ മാത്യു, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ കെ കുറുപ്പ്, ജനറൽ ബോഡി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051