anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ഭരണഘടനയോട് അചഞ്ചലമായ വിശ്വസ്തത പുലര്‍ത്തണം: ഡി.ജി.പി റവാഡ ആസാദ് ചന്ദ്രശേഖര്‍

മലപ്പുറം. ശാരീരിക ക്ഷമതയും യുദ്ധവൈദഗ്ധ്യവും മാത്രമല്ല ഭരണഘടനയോടുള്ള അചഞ്ചലമായ വിശ്വസ്തതയും ധാര്‍മിക ധൈര്യവും പ്രതിസന്ധി ഘട്ടങ്ങളിലെ ആത്മസംയമനവുമാണ് യഥാര്‍ഥ കമാന്‍ഡോയുടെ മുഖമുദ്രയെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10 മത് ബാച്ച് കമാന്‍ഡോ വിംഗിലെ 152 റിക്രൂട്ട് സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം അതീവ ഗുരുതരമായ സാഹചര്യങ്ങളെ നേരിടുമ്പോള്‍ സാധാരണ സംവിധാനങ്ങള്‍ക്കപ്പുറം ജനങ്ങള്‍ കേരള പോലീസിലെ കമാന്‍ഡോകളെയാണ് പ്രതീക്ഷയോടെ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണ ഭീഷണികളെ നേരിടുന്നതിനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ആദ്യ പ്രതികരണ സേനയായി പ്രവര്‍ത്തിക്കുന്നതിനും കമാന്‍ഡോകള്‍ സജ്ജരായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.1785856697275

‘നിങ്ങളാണ് നമ്മുടെ സമാധാനത്തെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്ന കവചം. കേരള പോലീസിന്റെ അഭിമാനവും അച്ചടക്കവും എന്നും ഉയര്‍ത്തിപ്പിടിക്കണം. കൃത്യതയോടെയും ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണം. നിരപരാധികള്‍ക്ക് നിങ്ങളുടെ സാന്നിധ്യം ആശ്വാസവും സമൂഹത്തിന് ഭീഷണിയാകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഠിനമായ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ റിക്രൂട്ടുകള്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമാന്‍ഡോകള്‍ പരേഡ് ഗ്രൗണ്ടിലെത്തി കാഴ്ചവെച്ച നിശ്ചയദാര്‍ഢ്യവും അച്ചടക്കവും ത്യാഗവും സഹിഷ്ണുതയും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.1785856683451

കമാന്‍ഡിങ് ഓഫീസര്‍മാര്‍, പരിശീലകര്‍, പരിശീലന സ്ഥാപനത്തിലെ മുഴുവന്‍ അംഗങ്ങള്‍ എന്നിവരുടെയും സമര്‍പ്പണവും പ്രൊഫഷണലിസവും യുവ കമാന്‍ഡോകളെ സമൂഹ സേവനത്തിന് പ്രാപ്തരായ പോലീസ് ഉദ്യോഗസ്ഥരാക്കി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.1785856702038

കേരള പോലീസ് യൂണിഫോം അധികാരത്തിന്റെ പ്രതീകം മാത്രമല്ല, ഉത്തരവാദിത്തത്തിന്റെയും സത്യസന്ധതയുടെയും അച്ചടക്കത്തിന്റെയും സേവന മനോഭാവത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കുകയെന്നതാണ് പോലീസിന്റെ പ്രഥമ ഉത്തരവാദിത്തമെന്നും ജനങ്ങള്‍ പോലീസിന്റെ വാക്കുകളേക്കാള്‍ പ്രവര്‍ത്തനങ്ങളെയാണ് കൂടുതല്‍ ഓര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങളുമായുള്ള ഓരോ ഇടപെടലും ഓരോ അന്വേഷണവും ഗതാഗത നിയന്ത്രണ ചുമതലയും, രക്ഷാപ്രവര്‍ത്തനവും പൊതുസേവനത്തിന്റെ ഓരോ നിമിഷവും കേരള പോലീസിന്റെ വിശ്വാസ്യത ഉയര്‍ത്തുന്നതില്‍ നിര്‍ണായകമാണെന്നും ഉദ്യോഗസ്ഥരുടെ പെരുമാറ്റവും പ്രൊഫഷണലിസവും കരുണയും തന്നെയാണ് ജനങ്ങള്‍ ഈ സ്ഥാപനത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസം നിര്‍ണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേരി എം.എല്‍.എ അഡ്വ. എം റഹ്മത്തുള്ള, മാനന്തവാടി എം.എല്‍.എ ഉഷ വിജയന്‍, കമാന്‍ഡന്റെ ആംഡ് പോലീസ് ബറ്റാലിയന്‍ കെ.ഇ ബൈജു ഐപിഎസ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് പി. വാഹിദ് ഐ.പി.എസ്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആംഡ് പോലീസ് ബറ്റാലിയന്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഐപിഎസ്, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു1785856957271

കമാന്‍ഡോ ഓപ്പറേഷന്‍സ് ഏറെ ശ്രദ്ധേയമായി

വര്‍ണ്ണാഭമായ പാസിംഗ് ഔട്ട് പരേഡിന് ശേഷം കമാന്‍ഡോകളുടെ ശക്തിയും ധൈര്യവും പ്രകടമാകുന്ന ഓപ്പറേഷന്‍സ് മോക്ക് ഡ്രില്‍ ഏറെ ശ്രദ്ധേയമായി. ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10 മത് ബാച്ചിലെ കമാന്‍ഡോകള്‍ നടത്തിയ മോക്ക് ഡ്രില്‍ പരേഡ് വീക്ഷിക്കാനെത്തിയവര്‍ ശ്വാസമടക്കി പിടിച്ചാണ് കണ്ടത്. ആശുപത്രിയില്‍ രോഗി ചമഞ്ഞെത്തിയ തീവ്രവാദികളെ കീഴ്‌പ്പെടുത്തുന്നതും ബസ്സില്‍ യാത്രക്കാരെന്ന വ്യാജേനെ കയറി ബസ് തട്ടിയെടുത്ത തീവ്രവാദികളെ കീഴ്‌പ്പെടുത്തുന്നതും ജനങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് കണ്ടത്. വനത്തില്‍ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളെ നേരിടുന്നതിന് വിവിധ വിഭാഗം കമാന്‍ഡോസിന്റെ സംയുക്ത ഓപ്പറേഷനും ഏറെ ശ്രദ്ധേയമായി. കമാന്‍ഡോകള്‍ ഉപയോഗിക്കുന്ന വിവിധ തരം ആയുധങ്ങളും പരിചയപ്പെടുത്തി. കമാന്‍ഡോകളുടെ കായിക ശക്തി വിളിച്ചറിയിക്കുന്ന വിവിധ പ്രകടനങ്ങളും നടന്നു. വി.ഐ.പി സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട കമാന്‍ഡോകള്‍ വി.ഐ.പി ക്കു നേരെ അതിക്രമം ഉണ്ടാകുമ്പോള്‍ ചെയ്യുന്ന ചടുലമായ നീക്കങ്ങളും അക്രമികളെ കീഴ്‌പ്പെടുത്തി വി.ഐ.പിയെ സുരക്ഷിത സ്ഥാനത്തേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റുന്നതും ജനങ്ങള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ആയുധധാരികളായ അക്രമികളെ നിരായുധരായ സേനാംഗങ്ങള്‍ നിമിഷ നേരം കൊണ്ട് കീഴ്‌പെടുത്തുന്ന രീതിയും ജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ സാധിച്ചു.
റെഗുലര്‍ വിംഗ് (സ്‌കോര്‍പിയോണ്) കമാന്റോസിന്റെ പരിശീലന കാലയളവ് 18 മാസമാണ്. ആദ്യ 9 മാസം അടിസ്ഥാന പരിശീലനവും തുടര്‍ന്നുള്ള 9 മാസം ബി എസ് എഫ് മണിപ്പൂര്‍, ഗ്രേഹൗണ്ട്സ് എന്നിവിടങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. ആയുധ പരിശീലനത്തിന്റെ ഭാഗമായി കേരള പോലീസില്‍ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങളായ എം പി 5, ഗാഥക്ക്, എകെ 47, എസ്എല്‍ ആര്‍, ഗ്ലോക്ക് പിസ്റ്റള്‍, ഇന്‍സാസ്, എല്‍ എം ജി എന്നീ വിവിധ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ദ്ധ്യവും ഫയറിംഗ് പരിശീലനവും ലഭിച്ചവരാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്

Spread the News

Leave a Comment