കൊച്ചി: കോലാലമ്പൂരിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയിരുന്ന ബാൾറ്റിക് എയർലൈൻസിന്റെ OD231 നമ്പർ വിമാനത്തിൽ യാത്രയ്ക്കിടെ യുവാവ് എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. വിമാനത്തിന് കൊച്ചിയിൽ ലാൻഡ് ചെയ്യാൻ ഏകദേശം അരമണിക്കൂർ മാത്രം ബാക്കി നിൽക്കെയായിരുന്നു സംഭവം.
പാലക്കാട് കൂറ്റനാട് സ്വദേശിയായ ജംഷീർ എന്ന യുവാവാണ് എമർജൻസി എക്സിറ്റ് വാതിലിന് സമീപം ഇരുന്ന നിലയിൽ ആദ്യം വാതിലിലെ വിൻഡോ പാനലിന്റെ ഗ്ലാസ് തകർക്കുകയും തുടർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സഹയാത്രികരും വിമാന ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. തുടർന്ന് വിമാനം സുരക്ഷിതമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയ ശേഷം സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ യുവാവിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി വിശദമായ ചോദ്യം ചെയ്യൽ നടത്തി.
വിമാനം പറക്കുന്നതിനിടെ എമർജൻസി വാതിൽ തുറക്കാൻ നടത്തിയ ശ്രമം അതീവ ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കാവുന്നതാണെന്ന് വിമാന സുരക്ഷാ അധികൃതർ വ്യക്തമാക്കി. വിമാനത്തിനുള്ളിലെ മർദ്ദവ്യത്യാസം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
യുവാവ് ഇത്തരത്തിൽ പെരുമാറാൻ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
– അനുഗ്രഹ വിഷൻ ന്യൂസ്
