anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സ്കൂൾ കലോത്സവം; മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണം – ബാലാവകാശ കമ്മീഷൻ

കൊച്ചി. സ്‌കൂൾ കലോത്സവ മത്സരത്തിന്റെ വിധി നിർണയം നടത്തുമ്പോൾ ഓരോ മത്സരാർത്ഥിയുടെയും ഗ്രൂപ്പിന്റെയും മാർക്കുകൾ വിധികർത്താക്കൾ രേഖപ്പെടുത്തിയത് ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്ക്രോൾ ചെയ്ത് സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ കലോത്സവനടത്തിപ്പിൽ വ്യാപകമായ പണപ്പിരിവ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കലോത്സവത്തിന്റെ പേരിൽ ഒന്നു മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പണം പിരിക്കാൻ പാടില്ലെന്നും കമ്മീഷൻ നിർദേശം നൽകി. മേഖലയിൽ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്കരിക്കണമെന്നും ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബി മോഹൻകുമാർ, കെ കെ ഷാജു, ഡോ. എഫ് വിൽസൺ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവിട്ടു. സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികളിലാണ് ഉത്തരവ്.

മത്സര സമയത്ത് കലോൽസവ വേദികളിൽ പ്രോഗ്രാം കൺവീനർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പേരും മൊബൈൽ നമ്പറും മത്സരാർത്ഥികൾക്കും പൊതുജനങ്ങൾക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന വിവിധ മേളകളിലെ ഇനങ്ങൾ തരംതിരിച്ച് സൗകര്യപ്രദമായ ക്ലാസ് മുറികൾ/ മറ്റു സംവിധാനങ്ങൾ സജ്ജീകരിക്കേണ്ടതാണ്.

വിധികർത്താക്കളെ നിയമിക്കുമ്പോൾ സാംസ്കാരിക വകുപ്പിന്റെ പാനലിലുള്ള യോഗ്യരായ വിധികർത്താക്കളെയും കൂടി പരിഗണിക്കണം. വിധികർത്താക്കളെ തെരഞ്ഞെടുക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കേണ്ടതും വിധികർത്താക്കളെ മത്സരാർത്ഥികൾക്കും പൊതുജനങ്ങൾക്കും മനസ്സിലാക്കാൻ സബ്-ജില്ലാ മത്സരം മുതൽ സംസ്ഥാനതല മത്സരം വരെ അവരുടെ യോഗ്യതകൾ (പേര്, വിദ്യാഭ്യാസ യോഗ്യത, മികവ് etc) മത്സര സമയം സ്ക്രീനിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.

സബ്-ജില്ലാ/റവന്യൂ ജില്ലാ മൽസരങ്ങളുടെ വിധികർത്താക്കളെ നിയമിക്കുമ്പോൾ യഥാക്രമം റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ അംഗീകരിച്ചു നൽകുന്ന പാനലിൽ നിന്ന് മാത്രം ജഡ്ജസിനെ നിയമിക്കേണ്ടതാണ്.

ഓരോ മത്സര ഇനങ്ങൾ ആരംഭിച്ച് അവസാനിക്കുന്നതു വരെ വിധികർത്താക്കളായി ഇരിക്കുന്നവർ അവർക്ക് നിശ്ചയിച്ച് നൽകിയ ഇരിപ്പിടങ്ങളിൽ ഇരുന്ന് മത്സരം വിലയിരുത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വിധികർത്താക്കൾ മത്സരം നടക്കുന്ന സമയങ്ങളിൽ അതാത് ഇരിപ്പിടങ്ങളിൽ ഇരിക്കാതെ എഴുന്നേറ്റ് പോകുന്നതായും ഒരുമിച്ചിരിക്കുന്നതായും ശ്രദ്ധയിൽപെട്ടതിനാലാണിത്.

മത്സരത്തിന്റെ വിധികർത്താക്കളായി നിയോഗിക്കപ്പെടുന്നവർ തങ്ങളിൽ നിക്ഷിപ്തമായ ഡ്യൂട്ടി തീരുംവരെ വിധികർത്താക്കൾ തമ്മിലോ ഇലക്ട്രോണിക് ഉപകരണങ്ങൾ മുഖേനയോ (മൊബൈൽ ഫോൺ, ടാബ്, സ്മാർട്ട് വാച്ച് മുതലായവ ഉൾപ്പെടെ) യാതൊരുവിധ ഇ-കമ്മ്യൂണിക്കേഷനും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

റവന്യൂ ജില്ലാതല മത്സരങ്ങളിൽ നിർബന്ധമായും മറ്റ് ജില്ലകളിലെ ജഡ്ജസിനെയും (സബ്-ജില്ലാതല മത്സരങ്ങളിൽ മറ്റ് സബ്-ജില്ലകളിൽ നിന്നും) നിയമിക്കണം.

അപ്പീൽ കമ്മിറ്റിയുടെ ഉത്തരവ് സമയബന്ധിതമായും (മത്സരം കഴിഞ്ഞ് 3 ദിവസത്തിനുള്ളിൽ) വ്യക്തമായും ലഭ്യമാക്കണം. അപ്പീൽകമ്മിറ്റിയുടെ ഉത്തരവുകളിൽ തീരുമാനമെടുക്കന്ന കാര്യങ്ങൾ കാര്യകാരണ സഹിതം വിശദമാക്കേണ്ടതാണ്. അപ്പീൽ കമ്മിറ്റി സബ്-ജില്ലാ/ജില്ലാതല മത്സരങ്ങളുടെ അപ്പീൽ പരിശോധന വേളയിൽ മത്സരാർത്ഥി പങ്കെടുത്ത മത്സരത്തിന്റെ വീഡിയോ കാണിച്ച് തെറ്റുകൾ മനസ്സിലാക്കി കൊടുക്കേണ്ടതാണ്. അപ്പീൽകമ്മിറ്റി അപ്പീൽ പരിശോധിക്കുമ്പോൾ പരാതിക്കാരന്റെ പ്രകടനവും ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയുടെ പ്രകടനവും വീഡിയോ റിക്കോഡിംഗ് വഴി താരതമ്യം ചെയ്യണം. അപ്പീൽ കമ്മിറ്റിയുടെ ഉത്തരവിൻമേൽ മത്സരാർത്ഥികൾക്ക് കോടതികളെ സമീപിക്കേണ്ട സാഹചര്യം വരുമ്പോൾ ആവശ്യമായ സമയം ലഭ്യമാക്കണം.

സബ്-ജില്ലാതല – ജില്ലാതല മത്സരത്തിനുള്ള ഇടവേളകൾ കുറഞ്ഞത് 10 ദിവസവും ജില്ലാതല – സംസ്ഥാനതല മത്സരത്തിന് കുറഞ്ഞത് 15 ദിവസവും ഇടവേളകൾ ലഭ്യമാക്കേണ്ടതാണ്. കലാരൂപങ്ങൾ അവതരിപ്പിക്കുന്ന വേദികൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി സുരക്ഷ ഉറപ്പാക്കണം.

2026-27 വർഷത്തെ കലോൽസവങ്ങളുടെ നടത്തിപ്പിൽ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ തുടങ്ങിയവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051