കാഴ്ചയില്ലാത്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാൻ നേത്രദാനം പ്രോത്സാഹിപ്പിക്കണമെണ് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി. കാഴ്ചവൈകല്യങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ നേത്രചികിത്സ ലഭ്യമാക്കണം . നേത്രം ദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവിതത്തിലേക്കാണ് ദാതാവ് പ്രകാശം പരത്തുന്നതെന്നും അവർ പറഞ്ഞു .ലോക കൊതുകു ദിനാചരണ ത്തിന്റെയും ദേശീയ നേത്രദാന പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രാദേശികതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും ആശാവർക്കർമാരുടെ പ്രയത്നം അത്യന്താപേക്ഷിതമാണ്. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും സൗജന്യമായും എളുപ്പത്തിലും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് എല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കൊതുക് ദിനത്തിന്റെയും നേത്രദാന പക്ഷാചരണത്തിന്റെയും പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു.
പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. വിജയൻ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബിന്ദു തോമസ്, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എസ്. ദാസ്, മെമ്പർ ബഷീർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കരുണാകരൻ, ജില്ലാ വിബിഡിസി ഓഫീസർ പി. വി. സാജൻ, ബയോളജിസ്റ്റ് ഹബീബ് റഹ്മാൻ, പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. ആർ. ഷിനോജ്, ജില്ലാ എജുക്കേഷൻ നോഡൽ ഓഫീസർ എസ്. സായന, പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിലെയും ജില്ലാ മെഡിക്കൽ ഓഫീസിലെയും ആരോഗ്യപ്രവർത്തകർ, പാലക്കാട് ഗവ. നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെയാണ് സംസ്ഥാനത്ത് നേത്രദാന പക്ഷാചരണം നടക്കുന്നത്.