കൊച്ചി, ഓഗസ്റ്റ് 21, 2026: എറണാകുളം ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം 15,000 കടന്നു. വീടുകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലായി കെഫോൺ സേവനത്തിന് ലഭിക്കുന്ന വർധിച്ചുവരുന്ന സ്വീകാര്യതയാണ് ഈ നേട്ടത്തിന് പിന്നിൽ.
ജില്ലയിൽ ആകെ 15,135 കെഫോൺ കണക്ഷനുകളാണ് നിലവിലുള്ളത്. ഇതിൽ 11,810 എണ്ണം ഗാർഹിക (FTTH) കണക്ഷനുകളാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി 993 കണക്ഷനുകളും ജില്ലയിൽ നൽകിയിട്ടുണ്ട്.
മിതമായ നിരക്കിൽ അതിവേഗവും വിശ്വസനീയവുമായ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെഫോൺ, ജില്ലയിലെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചുവരികയാണ്. ഗാർഹിക ഉപയോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ മികച്ച ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കുന്നതിലൂടെ ഡിജിറ്റൽ ഉൾക്കൊള്ളൽ കൂടുതൽ വ്യാപിപ്പിക്കാനും കെഫോണിന് കഴിഞ്ഞിട്ടുണ്ട്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യമായും മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെഫോൺ, സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ കേരളം എന്ന ലക്ഷ്യത്തിന് ശക്തമായ പിന്തുണ നൽകുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും പ്രാദേശിക നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുടെ സഹകരണവും സേവനവ്യാപനത്തിന് കൂടുതൽ കരുത്തേകുന്നു.
പുതിയ ഗാർഹിക കണക്ഷനായി ‘എന്റെ കെഫോൺ’ മൊബൈൽ ആപ്പിലൂടെയോ കെഫോൺ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 1800 570 4466 എന്ന ടോൾഫ്രീ നമ്പറിലൂടെയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെഫോൺ പ്ലാനുകളെയും ഓഫറുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://kfon.in/ സന്ദർശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് “KFON Plans” എന്ന് ടൈപ്പ് ചെയ്ത് സന്ദേശം അയയ്ക്കുകയോ ചെയ്യാം.