പാലക്കാട്. ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് നാളെ (ചൊവാഴ്ച) തുടക്കമാകും. വൈകിട്ട് 6.30-ന് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. രമേഷ് പിഷാരടി എം എൽ എ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കെ.എ. തുളസി വിശിഷ്ടാതിഥിയാകും. വൈകിട്ട് 5-ന് പഞ്ചവാദ്യത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് കണ്യാർകളി, പൊറാട്ടുകളി, സിനിമാതാരം കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി എന്നിവ അരങ്ങേറും. ആഗസ്റ്റ് 25 മുതൽ 28 വരെ രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, പോത്തുണ്ടി ഉദ്യാനം എന്നീ വേദികളിലായാണ് ജില്ലയിലെ ഓണാഘാഷ പരിപാടികൾ നടക്കുന്നത്.
തിരുവോണനാളിൽ രാപ്പാടിയിൽ ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ, തിറയും പൂതനും, തോൽപ്പാവക്കൂത്ത്, എസ്.എസ്. മ്യൂസിക് ബാൻഡിന്റെ വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറും.
വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഗസൽ സന്ധ്യയും, മ്യൂസിക്കൽ നൈറ്റും ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്കിൽ പ്രണവം ശശിയുടെ നാട്ട് ഈണങ്ങളും, സപ്തസ്വരം ഓർക്കസ്ട്രയുടെ മെലോഡിയസ് ഹിറ്റ്സും പോത്തുണ്ടി ഉദ്യാനത്തിൽ സാരംഗി ഓർക്കസ്ട്രയുടെ ഗാനമേളയും, വിപിൻസ് നാട്യാലയയുടെ നാട്യധ്വനിയും നടക്കും.
ആഗസ്റ്റ് 27-ന് തിരുവാതിരക്കളി, വോയ്സ് ഓഫ് കളക്ടറേറ്റിന്റെ കരോക്കെ ഗാനമേള, പൊറാട്ടു നാടകം, പാലക്കാട് സ്വരലയയുടെ റിഥം ഓഫ് ഓണം എന്നിവ നടക്കും. വെള്ളിയാങ്കല്ലിൽ മലയാളം മെറ്റൽ ബാൻഡും, നാടൻ പാട്ടും ശ്രീകൃഷ്ണപുരത്ത് ഓണം വൈബ്‌സ് മ്യൂസിക് ഷോയും, സംഗീത സന്ധ്യയും പോത്തുണ്ടിയിൽ ആദിതാളം നാടൻപാട്ടുകളും, കാവു വാദ്യവും അരങ്ങേറും.
ആഗസ്റ്റ് 28-ന് രാപ്പാടി ഓഡിറ്റോറിയത്തിൽ സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേള, അട്ടപ്പാടി ഗോത്രകലാമണ്ഡലിന്റെ ആട്ടം പാട്ടും, കൈതോല നാടൻ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ലെഗസി ഫോക് മെഗാഷോ എന്നിവയോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനമാകും. വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി.) എന്നിവയുടെ സംയുക്താഭി മുഖ്യത്തിലാണ് ഓണാഘോഷം നടക്കുന്നത്.