anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വസ്തു തരംമാറ്റത്തിന് 10 ലക്ഷം കൈക്കൂലി; ഒളിവിൽ പോയ റിട്ട. ഡപ്യൂട്ടി കലക്ടർ അറസ്റ്റിൽ

കൊച്ചി :വസ്തു തരംമാറ്റത്തിന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഭൂരേഖ തഹസിൽദാർ അടക്കമുള്ളവർ വിജിലൻസ് പിടിയിലായതിന് പിന്നാലെ, സംഭവത്തിലെ ഇടനിലക്കാരനായ റിട്ട. ഡപ്യൂട്ടി കലക്ടറും അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശിയായ റിട്ട. ഡപ്യൂട്ടി കലക്ടർ എൻ.കെ. കൃപയെ (59) എറണാകുളം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. തഹസിൽദാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 13 നാണ് കേസിനാസ്പദമായ സംഭവം. കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നൽകുന്നതിനായി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസിനെയും ഇടനിലക്കാരായ രാജേഷ് എൻ.എസ്, ജോസഫ് ഷിബിൻ എന്നിവരെയും വിജിലൻസ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടർ അന്വേഷണത്തിനിടെയാണ് കൈക്കൂലി ഇടപാടിൽ റിട്ട. ഡപ്യൂട്ടി കലക്ടർ എൻ.കെ.കൃപ ഇടനിലക്കാരനായി പ്രവർത്തിച്ചതായി വിജിലൻസിന് തെളിവ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നു വൈകിട്ട് 5 മണിയോടെ ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

അഴിമതിയിൽ നേരിട്ട് പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെയും അവർക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കുന്നതിലൂടെ അഴിമതി ശൃംഖല പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായാണ് വിജിലൻസിന്റെ ഈ നടപടി. അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064, ഫോൺ നമ്പർ: 8592900900, വാട്സ്ആപ്പ് നമ്പർ: 9447789100 എന്നിവയിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അഭ്യർഥിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051