anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഗുജറാത്ത് അഞ്ചിന് 300 റൺസെന്ന നിലയിൽ

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗുജറാത്ത് ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 300 റൺസെന്ന നിലയിലാണ് ഗുജറാത്ത്. 95 റൺസെടുത്ത ആര്യ ദേശായിയാണ് ഗുജറാത്ത് ബാറ്റിങ് നിരയിൽ തിളങ്ങിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗുജറാത്തിന് വേണ്ടി ആര്യ ദേശായിയും അഭിഷേക് ദേശായിയും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. നിലയുറപ്പിച്ചതോടെ മികച്ച ഷോട്ടുകൾ പായിച്ച ആര്യ ദേശായ് 56 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. മറുവശത്ത് കരുതലോടെയുള്ള ഇന്നിങ്സായിരുന്നു അഭിഷേകിൻ്റേത്. ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് പോകാതെ 95 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങി ഉടൻ തന്നെ ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. 42 റൺസെടുത്ത അഭിഷേക് ദേശായി എം ഡി നിധീഷിൻ്റെ പന്തിൽ രോഹൻ കുന്നുമ്മൽ ക്യാച്ചെടുത്ത് പുറത്തായി. തുടർന്നെത്തിയ വേദാന്ത് ത്രിവേദി ഒൻപത് റൺസുമായി മടങ്ങി. എൻ പി ബേസിലിൻ്റെ പന്തിൽ രോഹൻ തന്നെയായിരുന്നു ക്യാച്ചെടുത്തത്.

ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുൻപെ ഗുജറാത്തിൻ്റെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി കേരളം പിടിമുറുക്കി. 33 റൺസെടുത്ത മനൻ ഹിൻഗ്രാജിയ 33 റൺസുമായി മടങ്ങിയപ്പോൾ സെഞ്ച്വറിക്ക് അഞ്ച് റൺസ് അകലെ ആര്യ ദേശായിയും പുറത്തായി. 95 റൺസെടുത്ത ആര്യ വൈശാഖ് ചന്ദ്രൻ്റെ പന്തിൽ വിഷ്ണു വിനോദ് ക്യാച്ചെടുത്താണ് പുറത്തായത്. ചായക്ക് ശേഷം കളിയാരംഭിച്ച് രണ്ടാം ഓവറിൽ തന്നെ ഒരു റണ്ണെടുത്ത ജയ്മീത് പട്ടേൽ ആദിത്യ സർവാത്തെയുടെ പന്തിൽ പുറത്തായി. ഇതോടെ അഞ്ച് വിക്കറ്റിന് 189 റൺസെന്ന നിലയിലായിരുന്നു ​ഗുജറാത്ത്.

എന്നാൽ തുടർന്നെത്തിയ ഉർവ്വിൽ പട്ടേലും വിശാൽ ജയ്സ്വാളും ചേർന്ന് കളിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. പതിവ് ശൈലിയിൽ ബാറ്റ് വീശിയ വെടിക്കെട്ട് ബാറ്റർ ഉർവ്വിൽ പട്ടേൽ അതിവേഗം സ്കോർ ഉയർത്തി. ആദ്യ ദിനം കളി നിർത്തുമ്പോൾ ഉർവ്വിൽ 63ഉം വിശാൽ 50ഉം റൺസ് നേടി ക്രീസിലുണ്ട്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതിനകം 111 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കേരളത്തിന് വേണ്ടി എം ഡി നിധീഷ്, എൻ പി ബേസിൽ, ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ സ‍ർവാടെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇന്ന് കളിക്കാനിറങ്ങിയത്. അഭിഷേക് ജെ നായ‍ർക്ക് പകരം രോഹൻ കുന്നുമ്മലിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Spread the News

Leave a Comment

IMG 20260806 WA0051