കൊല്ലം, : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കിംസ് ഹെൽത്ത് കൊല്ലവും സോൾസ് ഓഫ് കൊല്ലം റണ്ണേഴ്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച നാലാമത് ‘ചിൽഡ്രൻസ് ഡേ സെലിബ്രേഷൻ റൺ’ ആവേശകരമായ കുട്ടിപങ്കാളിത്തത്തോടെ സമാപിച്ചു. കേരളപ്പിറവി ദിനത്തിൽ ആശ്രാമം ചിൽഡ്രൻസ് പാർക്കിന് സമീപമുള്ള നീലാമ്പരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭിന്നശേഷിയുള്ളവരടക്കം അഞ്ഞൂറോളം കുട്ടികളാണ് പങ്കെടുത്തത്.
രണ്ട് പ്രായവിഭാഗങ്ങളിലായിയാണ് റണ്ണിൽ കുരുന്നുകൾ അണിനിരന്നത്. 8 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗം ഫ്ലാഗ്-ഓഫ് മേയർ എ. കെ. ഹഫീസും, 3 മുതൽ 7 വയസ്സ് വരെയുള്ളവരുടെ വിഭാഗം ഫ്ലാഗ്-ഓഫ് കിംസ് ഹെൽത്ത് കൊല്ലം സിഒഒ സിനി നായർ, കൊല്ലം ജില്ലാ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സെക്രട്ടറി അഡ്വ. ഡി. ഷൈൻ ദേവ്, ഡെക്കാത്‌ലോൺ കൊല്ലം സ്റ്റോർ മാനേജർ ജന്റിൽ ചാണ്ടി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മത്സരബുദ്ധിക്കപ്പുറം പങ്കാളിത്തവും സന്തോഷവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റൺ സംഘടിപ്പിച്ചത്. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഫിനിഷർ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സുരക്ഷിതമായിരിക്കാൻ നിരത്തുകളിലെ ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് റോഡ് സുരക്ഷയുടെ പ്രാധാന്യവും ഉത്തരവാദിത്തങ്ങളും സമൂഹത്തെ ഓർമ്മിപ്പിക്കുന്നതിന് കൂടിയാണ് ഈ റൺ.
“കുട്ടികളെ കുട്ടികളായി തന്നെ വളരാൻ അനുവദിക്കുക എന്നതാണ് ഈ റണ്ണിന്റെ പ്രധാന സന്ദേശം. ബാല്യകാലം എന്നത് എത്ര അമൂല്യമാണെന്നും കുട്ടികളുടെ മുഖത്തെ ചിരി നിലനിർത്തുന്നതിൽ കായികവിനോദങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഓർമ്മിപ്പിക്കേണ്ടതും ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്.” കിംസ് ഹെൽത്ത് കൊല്ലം സിഒഒ സിനി നായർ പറഞ്ഞു.
മേയർ എ. കെ. ഹഫീസ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കിംസ് ഹെൽത്ത് കൊല്ലം സിഒഒ സിനി നായർ, കൊല്ലം ജില്ലാ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സെക്രട്ടറി അഡ്വ. ഡി. ഷൈൻ ദേവ്, ഡെക്കാത്‌ലോൺ കൊല്ലം സ്റ്റോർ മാനേജർ ജന്റിൽ ചാണ്ടി എന്നിവരെ കൂടാതെ സോൾസ് ഓഫ് കൊല്ലം ഫൗണ്ടർ അഡ്വ.വിജയരാജ്, സെക്രട്ടറി രാജു രാഘവൻ, പ്രസിഡന്റ് പ്രവീൺ പി. കെ., ക്ലബ്ബ് ട്രഷറർ സി.എൽ.ഉണ്ണികൃഷ്ണൻ, ഹാരി ലൈഫ്സ്റ്റെൽ സ്റ്റുഡിയോ എംഡി സിൻ ഹാരിമോൾ എന്നിവരും ഭാഗമായി.