ചെർപ്പുളശ്ശേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ശബരിമലയിലേക്ക് സ്ഥിരമായി പോകുന്ന ഒരു സംഘമുണ്ട് ചെർപ്പുളശ്ശേരിയിൽ. പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ 40 ഓളം വരുന്ന സംഘമാണ് എല്ലാ മണ്ഡല മകരവിളക്ക് കാലത്തും ശബരിമലയിലേക്ക് യാത്രയാവുന്നത്. മൂന്നു പതിറ്റാണ്ട് മുമ്പ് തുടങ്ങിവച്ച ഈ ദർശന സംഘത്തിലെ പലരും പൊലിഞ്ഞു പോയെങ്കിലും അവരുടെ മക്കളും മക്കളുടെ മക്കളുമായി ആ സംഘം ഇത്തവണയും യാത്ര പുറപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ നിന്നായിരുന്നു കെട്ടുമുറുക്ക് നടന്നിരുന്നത്. ഇപ്പോൾ കഴിഞ്ഞ രണ്ടു വർഷമായി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുമാണ് കെട്ടുമുറുക്കുന്നത്. അയ്യപ്പൻ കാവിലെ വലിയ തിരക്കിൽ നിന്നും ഒന്നു മാറി 40 ഓളം ആളുകൾ കെട്ടുമുറുക്കുമ്പോൾ ഭക്തർക്ക് വരുന്ന പ്രയാസങ്ങളെ നേരിടാനാണ് ഭഗവതി ക്ഷേത്രത്തിൽ നിന്നും കെട്ടുമുറുക്ക് നടത്തുന്നത്. ഗുരുവായൂർ, തൃപ്രയാർ കൊടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ച് കൊച്ചിയിൽ ഒരു ദിവസം തങ്ങുന്നു. പിറ്റേന്ന് ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, കടപ്പാട്ടൂർ, എരുമേലി എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം പമ്പയിൽ എത്തിച്ചേരും. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്താണ് സംഘം പോകുന്നത്. സന്നിധാനത്തെ ഓൺലൈൻ വഴി തന്നെ മുറികളും ബുക്ക് ചെയ്തിരിക്കും. തടസ്സം കൂടാതെ ചെറിയ കുട്ടികൾ മുതൽ വയസ്സായ അമ്മമാർ വരെ ഈ സംഘത്തിൽ ഉള്ളതിനാൽ ആർക്കും ഒരു ബുദ്ധിമുട്ടും കൂടാതെ ശബരിമലയിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ദൗത്യം എന്ന് ടീം ലീഡർ പി ശ്രീകുമാർ പറഞ്ഞു.