anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ട്യൂമർ നീക്കം ചെയ്ത് തലയോട്ടി പുനർനിർമ്മിച്ചു; കിംസ്‌ഹെൽത്തിൽ അപൂർവ ശസ്ത്രക്രിയ വിജയകരം

തിരുവനന്തപുരം, മാർച്ച് 10, 2026: മൂക്കിലും സൈനസിലും ആരംഭിച്ച് മസ്തിഷ്ക ആവരണം വരെ പടർന്ന ട്യൂമർ ബാധിച്ച 19 വയസ്സുകാരനിൽ അതിസങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്‌ഹെൽത്ത്. അതിനൂതനമായ ‘ക്രാനിയോഫേഷ്യൽ റീസെക്ഷൻ’ ശസ്ത്രക്രിയയിലൂടെയാണ് കോളേജ് വിദ്യാർത്ഥിയായ തമിഴ്‌നാട് സ്വദേശിയുടെ ജീവൻ രക്ഷിച്ചത്.

മൂക്കിൽ നിന്നുള്ള അമിതമായ രക്തസ്രാവവുമായാണ് യുവാവിനെ കിംസ്‌ഹെൽത്ത് എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ ട്യൂമർ മസ്തിഷ്കത്തിലേക്ക് പടരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കിംസ്ഹെൽത്തിലെ ന്യുറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അജിത് ആർ, ഇ.എൻ.ടി വിഭാഗം കൺസൾട്ടന്റ് ഡോ. വിനോദ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ മെഡിക്കൽ സംഘം അടിയന്തരമായി ശസ്ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു.

എൻഡോസ്കോപ്പിന്റെ സഹായത്തോടെ മൂക്കിലെ ട്യൂമർ നീക്കം ചെയ്ത ശേഷം, മസ്തിഷ്ക ഭാഗത്തെ എല്ലുകൾ മൈക്രോസ്കോപ്പ് ഉപയോഗിച്ച് നീക്കം ചെയ്യുകയും നെറ്റിയിലെ എല്ലിന് പകരമായി ടൈറ്റാനിയം മെഷ് ഉപയോഗിച്ച് തലയോട്ടിയുടെ ഭാഗങ്ങൾ പുനർനിർമിക്കുകയുമാണ് ചെയ്തത്. എൻഡോസ്കോപ്പിക്, മൈക്രോസ്കോപ്പിക് രീതികൾ സംയോജിപ്പിച്ച് നടത്തിയ ശസ്ത്രക്രിയ പത്തു മണിക്കൂറോളം നീണ്ടു നിന്നു.

സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനവും ആധുനിക സാങ്കേതികവിദ്യയും എത്രത്തോളം ഫലപ്രദമാണെന്നതിന് ഉദാഹരണമാണ് ഈ ശസ്ത്രക്രിയയുടെ വിജയമെന്ന് ഡോ. അജിത് ആർ, ഡോ. വിനോദ് ഫെലിക്സ് എന്നിവർ പറഞ്ഞു. ഇതിലൂടെ രോഗിക്ക് സാധ്യമായ ഏറ്റവും മികച്ച ഫലം നേടാൻ സാധിച്ചുവെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

ന്യൂറോ സർജറി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. അബു മദൻ, ഡോ. നവാസ് എൻ.എസ്, ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുശാന്ത് ബി എന്നിവരും ചികിത്സയുടെ ഭാഗമായി. പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനായ യുവാവ് വീട്ടിലേക്ക് മടങ്ങി.

Spread the News

Leave a Comment

IMG 20260806 WA0051