anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നെന്മാറ-വല്ലങ്ങി വേലയ്ക്ക് തുടക്കമായി; നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ കൂറയിടൽ ചടങ്ങ് നടന്നു

നെന്മാറ: പാലക്കാടിന്റെ ഉത്സവപ്പെരുമയായ നെന്മാറ-വല്ലങ്ങി വേലയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ച് കൂറയിട്ടു. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം വൈകീട്ട് ഏഴരയോടെയാണ് ‘വിളിച്ചുചൊല്ലി കൂറയിടൽ’ ചടങ്ങ് നടന്നത്. ഇനി ഏപ്രിൽ മൂന്നിന് നടക്കുന്ന നെന്മാറ-വല്ലങ്ങി വേലയ്ക്കായുള്ള കാത്തിരിപ്പിലാണ് നാട്.

നെന്മാറ, വല്ലങ്ങി, തിരുവഴിയാട്, അയിലൂർ, വിത്തനശ്ശേരി എന്നീ അഞ്ച് ദേശങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ ചടങ്ങുകൾ നടന്നത്. വല്ലങ്ങിയിൽ നിന്നുള്ള അവകാശികൾ മേളത്തിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലെത്തി ‘എല്ലാവരും എത്തിയിട്ടുണ്ടോ’ എന്ന് വിളിച്ചുചൊല്ലിയതോടെയാണ് കൂറയിടലിന് ഔദ്യോഗികമായി തുടക്കമായത്.

കൂറയിട്ടതോടെ ക്ഷേത്രത്തിൽ 21 ദിവസം നീണ്ടുനിൽക്കുന്ന ദാരികവധം കളംപാട്ടിനും ആരംഭമായി. ആദ്യത്തെ ഏഴുദിവസം ദേവിസ്തോത്രങ്ങളും തുടർന്ന് വിവിധ രൂപങ്ങൾ വരച്ചുള്ള കളംപാട്ടും നടക്കും. വേലയുടെ പിറ്റേദിവസമാകും കളംപാട്ട് അവസാനിക്കുക.

നെന്മാറയിലും വല്ലങ്ങിയിലും ദേശമന്ദങ്ങളിൽ മുളങ്കൂറയിടും. ഇതോടെ നെന്മാറയിൽ കുമ്മാട്ടിക്കും വല്ലങ്ങിയിൽ കണ്യാർകളിക്കും തുടക്കമാകും.
ഏപ്രിൽ മൂന്നിനാണ് വിശ്വപ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേല.

കൂറയിടൽ ചടങ്ങ് കഴിഞ്ഞതോടെ, ആനപ്പന്തലുകളും വെടിക്കെട്ടും കുടമാറ്റവും കൊണ്ട് വർണ്ണാഭമാകുന്ന നെന്മാറ-വല്ലങ്ങി വേലയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക് നാട് പൂർണ്ണമായും കടന്നുകഴിഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051