anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

രാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം നാളെ; ക്ഷേത്രദർശനത്തിനും ഗതാഗതത്തിനും കർശന നിയന്ത്രണം

ഗുരുവായൂർ  രാഷ്ട്രപതി ദ്രൗപദി മുർമു നാളെ (നവംബർ 27) ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ക്ഷേത്രദർശനത്തിനും വാഹനഗതാഗതത്തിനും നിയന്ത്രണമുള്ളതിനാൽ ഭക്തരും യാത്രക്കാരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

ഉച്ചയ്ക്ക് 3 മണിയോടെ അരിയന്നൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതി 3.30ന് ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. തുടർന്ന് 3.50 മുതൽ 4.15 വരെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. 4.30ന് ഗുരുവായൂരിൽനിന്ന് മടങ്ങും.

രാഷ്ട്രപതിയുടെ ക്ഷേത്രദർശനത്തോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ ഭക്തർക്ക് ക്ഷേത്രദർശനത്തിന് താൽക്കാലിക നിയന്ത്രണമുണ്ടാകും. ക്ഷേത്രനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5 വരെ നടത്താനിരുന്ന നൃത്തപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്തും തെക്കേ നടയിലും ഉച്ചയ്ക്കുശേഷം കർശന സുരക്ഷാ പരിശോധനകൾ ഉണ്ടാകും.

**ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് ഒന്നുമുതൽ**

ഉച്ചയ്ക്ക് ഒരു മണി മുതൽ രാഷ്ട്രപതി മടങ്ങുന്നതുവരെ ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജംഗ്ഷൻ വരെയുള്ള പാതയിൽ വാഹനഗതാഗതം നിരോധിക്കും. തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചൂണ്ടലിൽനിന്ന് കുന്നംകുളം വഴി ഗുരുവായൂരിലേക്ക് പ്രവേശിക്കണം.

ഇന്നർ, ഔട്ടർ റിംഗ് റോഡുകളിൽ വാഹന പാർക്കിംഗ് പൂർണമായും നിരോധിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾ പടിഞ്ഞാറെനട കമ്പിപ്പാലത്തിന് സമീപമുള്ള മായ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.

ചാവക്കാട്, പൊന്നാനി ഭാഗങ്ങളിൽനിന്നുള്ള ലോറികൾ ചാവക്കാട് ജംഗ്ഷന് മുൻപും പാവറട്ടി ഭാഗത്തുനിന്നുള്ള ലോറികൾ പഞ്ചാരമുക്ക് ജംഗ്ഷന് മുൻപും നിർത്തിയിടണം.

രാവിലെ 9 മണി മുതൽ തൃശ്ശൂർ നഗരത്തിലും ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂരിലേക്ക് യാത്ര ചെയ്യുന്ന ഭക്തരും മറ്റ് യാത്രക്കാരും നിയന്ത്രണങ്ങൾ മനസ്സിലാക്കി യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051