anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഫയൽ നീക്കം വേഗത്തിലാക്കാൻ ഏകോപിത സംവിധാനം; ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കൂടുതൽ പഠനം: മുഖ്യമന്ത്രി

സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ഫയലുകളുടെ കാലതാമസവും മൂലം പദ്ധതികളടക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. വിവിധ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും ഫയലുകളുടെയും പദ്ധതികളുടെയും നിലവിലെ സ്ഥിതി തത്സമയം വിലയിരുത്താൻ കഴിയുന്ന സംവിധാനം ഒരുക്കും. പ്രോജക്ട് മാപ്പിംഗ്, പ്രോജക്ട് പ്രോട്ടോക്കോൾ എന്നിവ ഉറപ്പാക്കി ഫയൽ നീക്കം വേഗത്തിലാക്കും.
പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതിനും പദ്ധതിനടത്തിപ്പിലെ കാലതാമസം മൂലമുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനും ഇത് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2027-ലെ പത്മപുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ നാമനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പോലീസ് വാഹനമിടിച്ച് മരിച്ച സ്കൂൾ വിദ്യാർഥി
ജുവിൻരാജിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.

കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ധനകാര്യം, റെയിൽവേ, പരിസ്ഥിതി എന്നീ മേഖലകളിലെ വിദഗ്‌ധരും ട്രാൻസ്പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയാണ് റിപ്പോർട്ട് പരിശോധിച്ചത്.
പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യത, യാത്രക്കാരുടെ സാധ്യത, സാമ്പത്തിക സാധുത എന്നിവ സംബന്ധിച്ച സമഗ്ര വിവരങ്ങൾ നിലവിലെ റിപ്പോർട്ടിലില്ലെന്നും ഇത് പൂർണമായ റിപ്പോർട്ടല്ലെന്നും സമിതി വിലയിരുത്തി. പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾ നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കെ-റെയിൽ പദ്ധതിയുടെ കാര്യത്തിൽ ഉണ്ടായ പിഴവുകൾ അതിവേഗ റെയിൽ പദ്ധതിയുടെ കാര്യത്തിൽ ആവർത്തിക്കരുതെന്ന് സമിതി മുന്നറിയിപ്പ് നൽകി. പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളോ പ്രാരംഭ നിർമാണ പ്രവർത്തനങ്ങളോ ആരംഭിക്കരുതെന്നാണ് ശുപാർശ. കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കുന്ന ഒരു “പരിസ്ഥിതി ദുരന്തമായി” പദ്ധതി മാറാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.നിലവിലെ സാമ്പത്തിക മാതൃക പ്രായോഗികമല്ലെന്നും യാത്രക്കാരെ മാത്രം ആശ്രയിച്ചുള്ള വരുമാന മാതൃക വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ വരുമാനവും വായ്പാ തിരിച്ചടവും ഉറപ്പാക്കാൻ ചരക്ക് ഗതാഗത സാധ്യതകളും ഉൾപ്പെടുത്തി സർക്കാർ സ്വതന്ത്രമായ പഠനം നടത്തണം. കൂടാതെ, നിലവിലുള്ളതും ഭാവിയിൽ വികസിപ്പിക്കുന്നതുമായ മെട്രോ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഉൾനാടൻ ജലഗതാഗത സംവിധാനം എന്നിവയുമായി പദ്ധതി എങ്ങനെ സംയോജിപ്പിക്കാമെന്നതിനെക്കുറിച്ചും പ്രത്യേകം പഠനം നടത്തണമെന്ന് സമിതി ശുപാർശ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
വിദഗ്ധസമിതിയുടെ ശുപാർശകൾ അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Spread the News

Leave a Comment

IMG 20260806 WA0051