തൃശ്ശൂർ: കുന്നംകുളത്തിന് സമീപം പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി വൻ അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ, തങ്കമണി എന്നിവരാണ് മരിച്ചത്. 10 പേരുടെ നില ഗുരുതരമാണ്
കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡിലുണ്ടായിരുന്ന കാർ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനം ഉൾപ്പെടെ അഞ്ചോളം വാഹനങ്ങളിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ പൂർണ്ണമായും തകർന്നു. പരിക്കേറ്റ എട്ട് പേരെയും ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവസ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട കാരണം വ്യക്തമല്ലെന്നും ബസിന്റെ സാങ്കേതിക തകരാറാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.