കലിയുഗ വരദനായ ശ്രീ ധർമശാസ്താവിന്റെ ചരിത്രകഥ കേരളത്തിന്റെ പാരമ്പര്യ കലാരൂപമായ തോൽപ്പാവ കൂത്തിലൂടെ അയ്യപ്പസന്നിധിയിൽ അവതരിപ്പിച്ചു. ഈ രംഗത്തെ പ്രമുഖനായ പദ്മശ്രീ രാമചന്ദ്രപുലവരാണ് സന്നിധാനത്തെ വലിയനടപ്പന്തലിലെ വേദിയിൽ (ശാസ്താ ഓഡിറ്റോറിയത്തിൽ) ശനിയാഴ്ച വൈകിട്ട് 7 മണിക്ക് പരിപാടി അവതരിപ്പിച്ചത്. രാമചന്ദ്ര പുലവരുടെ മകനും തോൽപ്പാവ കൂത്ത് കലാകാരനുമായ രാജീവ് പുലവരും എട്ടോളം കലാകാരൻമാരും ചേർന്നാണ് തോൽപ്പാവ കൂത്ത് അവതരിപ്പിച്ചത്. അയ്യപ്പസ്വാമിയുടെ ജനനം മുതൽ മല കയറിവരുന്ന രംഗങ്ങൾ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.
ഏകദേശം 85 തോൽപ്പാവകളെ നിർമ്മിച്ച് ചായം കൊടുത്താണ് അയ്യപ്പചരിതം സന്നിധാനത്ത് അവതരിപ്പിച്ചത്. 21 എണ്ണവിളക്കുകളുടെ വെളിച്ചത്തിൽ ദൃശ്യ ഭംഗിയോടെയാണ് തിരശ്ശീലയിൽ പ്രത്യേകം സജ്ജീകരിച്ച കൂത്തുമാടത്തിൽ പരിപാടി അരങ്ങേറിയത്. മോഹിനി പുത്രനായ അയ്യപ്പസ്വാമിയുടെ ജനനം, പാലാഴിമദനം, ദേവാസുരയുദ്ധം, അയ്യപ്പ ജനനം, പുലിപ്പാലിനായുള്ള കാട്ടിലേക്കുള്ള പുറപ്പാട്, മഹിഷി വധം, പുലിപ്പാലുമായി പന്തളത്തേക്ക്, വാവര് യുദ്ധം, അയ്യപ്പ സന്നിധി തുടങ്ങിയ രംഗങ്ങളാണ് ചെണ്ട, എഴുപറ, താളം, കുഴൽ, ശംഖ്, ചിലങ്ക എന്നീ വാദ്യങ്ങൾ പിന്നണിയിൽ സംഗീത പശ്ചാത്തലവുമായി ചേർത്ത് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത.് ഇതിൻറെ സംവിധാനം രാജീവ് പുലവരാണ് നിർവഹിച്ചിട്ടുള്ളത്. ഇതിനകം അറുപതോളം വേദികളിൽ അയ്യപ്പചരിതം അവതരിപ്പിച്ചിട്ടുണ്ട്. ശബരിമലയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. നിരവധി പേരാണ് പരിപാടി കാണാനായി എത്തിയിരുന്നത്.