തിരുവനന്തപുരം: കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഗതാഗത മന്ത്രി സി.പി ജോണിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് വിലയിരുത്തി. ബലി തർപ്പണ ചടങ്ങുകൾക്കായി വിവിധ ക്ഷേത്രങ്ങളിലും മറ്റും എത്തുന്നവർക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ (ഓഗസ്റ്റ് 12-ന്) പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് വിവിധ യൂണിറ്റുകളിൽ നിന്നും അധിക സർവീസുകൾ നടത്തും.
തിരുവല്ലം, വർക്കല, ശംഖുംമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റുമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ കൂടുതൽ അധിക സർവീസുകൾ പ്രത്യേകമായി ക്രമീകരിക്കും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകൾ പുനഃക്രമീകരിച്ച് അയക്കുന്നതിനുമുള്ള സംവിധാനവും കെഎസ്ആർടിസി ഒരുക്കും.
മുൻവർഷത്തേക്കാൾ കൂടുതൽ ബസുകൾ സജ്ജമാക്കിയാണ് ഈ വർഷത്തെ ക്രമീകരണങ്ങൾ. ഈ വർഷം ഏകദേശം 100 ബസുകൾ അധികമായി ‘ സർവീസുകൾക്കായി സജ്ജമാക്കാൻ യോഗം നിർദേശം നൽകി. കഴിഞ്ഞ വർഷം ഇത് 62 ബസുകളായിരുന്നു. യാത്രക്കാരുടെ തിരക്കും വാഹനത്തിരക്കും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ സ്ഥലങ്ങളിലേക്ക് യഥാസമയം പ്രത്യേക സർവീസുകൾ അയക്കുന്നതിനായി ഓരോ ബലിതർപ്പണ കേന്ദ്രത്തിലും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും ഓഫിസർമാരെയും ചുമതലപ്പെടുത്തി മുൻകൂട്ടി നിയോഗിക്കാനും തീരുമാനിച്ചു. യോഗത്തിൽ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.